അന്തർദേശീയം

പൈലറ്റുമാരുടെ തമ്മിലടി; ദുബായ്- ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദിയിൽ അടിയന്തിര ലാൻഡിങ്

ദുബായ് : ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനം അടിയന്തരമായി വടക്കൻ സൗദി അറേബ്യയിൽ ലാൻഡ് ചെയ്തതിനെ തുടർന്ന് ആശയക്കുഴപ്പം. ഇസ്രയേലിലേക്കുള്ള വിമാനം റാഞ്ചി സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി എന്ന തരത്തിൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ, അതു തെറ്റാണെന്നും അടിയന്തിര ലാൻഡിങ് ആയിരുന്നുവെന്നും വിശദീകരണവുമായി ഇസ്രയേൽ രംഗത്തെത്തി. വിമാനം റാഞ്ചിയതല്ലെന്നും വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് അടിയന്തിരമായി സൗദിയിൽ ലാൻഡ് ചെയ്തതാണെന്നും ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്കു പോയ ഫ്ലൈദുബായ് ബോയിങ് 737 മാക്സ് വിമാനം എമർജൻസി സിഗ്നൽ നൽകിയതിനു പിന്നാലെ സൗദി അറേബ്യയ്ക്കു മുകളിൽ വച്ച് തിരികെ പറന്നിരുന്നു. ഇതോടെയാണ് റാഞ്ചൽ സംശയം ഉയർന്നത്. വിമാനം വടക്കൻ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അതോടെ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ ഫ്ലൈ ദുബായ് വിമാനത്തിനു സമീപത്തേക്കു കുതിച്ചെത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 27 കുട്ടികൾ ഉൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

എന്നാൽ പിന്നീട്, അതു റാഞ്ചലല്ലായിരുന്നെന്നും പൈലറ്റും സഹ പൈലറ്റും തമ്മിലുണ്ടായ തർക്കം അതിരു വിട്ടതോടെ വിമാനം അടിയന്തരമായി സൗദിയിൽ ലാൻഡ് ചെയ്തതാണെന്നും ഇസ്രയേൽ അധികൃതർ വ്യക്തമാക്കുകയായിരുന്നു. പൈലറ്റുമാർ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്കെത്തിയതായാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button