സ്പോർട്സ്

അർജന്റീനയ്ക്ക് കിരീടം


ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ടിൽ അർജന്റീന ലോകചാമ്പ്യന്മാർ. 4-3 എന്ന സ്കോറിനാണ് അർജന്‍റീന ഷൂട്ടൌട്ടിൽ വിജയിച്ചത്. അർജന്‍റീനയ്ക്കുവേണ്ടി മെസി, ഡിബാല, പർഡേസ്, മോണ്ടിയൽ എന്നിവർ ലക്ഷ്യം കണ്ടു. ഫ്രാൻസിന് വേണ്ടി എംബാപ്പെ, കോളോ മൌനി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കോമാൻ, ഷുവാമെനി എന്നിവർ കിക്ക് നഷ്ടപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്.

അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടം അധികമസയത്തിൽ സമനില പിടിച്ച് ഫ്രാൻസ്(3-3). 108-ാം മിനിറ്റിൽ മെസിയിലൂടെ ഗോൾ നേടി അർജന്‍റീന 3-2ന് മുന്നിലെത്തിയിരുന്നു. എന്നാൽ 118-ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കി എംബാപ്പെ സമനിലയിലെത്തിച്ചു. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് എംബാപ്പെ. തോൽവി മുഖാമുഖം കണ്ടിടത്തുനിന്ന് എംബാപ്പെയുടെ ഇരട്ടപ്രഹരത്തിൽ ഫ്രാൻസ് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. 80-ാം മിനുട്ടിൽ പെനാൽറ്റിയും 81 മിനിറ്റും എംബാപ്പെ അർജന്റീന വലകുലുക്കി. എംബാപ്പെയുടെ ഇരട്ട ഗോളുകളോടെ ഫ്രാൻസ് സമനില നേടിയിരുന്നു.

ഫ്രാൻസിനെതിരെ ആദ്യപകുതിയിൽ അർജന്‍റീന രണ്ട് ഗോളിന് മുന്നിലായിരുന്നു. 23-ാം മിനിട്ടിൽ നായകൻ ലയണൽ മെസിയും 36-ാം മിനിട്ടിൽ എഞ്ചൽ ഡി മരിയയുമാണ് അർജന്‍റീനയ്ക്കായി ഗോളുകൾ നേടിയത്. പെനാൽറ്റി കിക്കിൽനിന്നാണ് മെസി ലക്ഷ്യം കണ്ടത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഡി മരിയയുടെ ഗോൾ.

മത്സരത്തിന്‍റെ തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ മുൻതൂക്കമാണ് അർജന്‍റീനയ്ക്ക് ഉണ്ടായിരുന്നു. നിരന്തരം ഇരമ്പിയാർത്ത അർജന്‍റീനൻ താരങ്ങളെ തടയാൻ ഫ്രാൻസ് പ്രതിരോധം നന്നേ വിയർത്തു. ഡിമരിയയെ ഡെംബലെ ഫൌൾ ചെയ്തതിനാണ് അർജന്‍റീനയ്ക്ക് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത മെസി അനായാസം ലക്ഷ്യം കണ്ടു. ഗോൾ വീണതോടെ ഫ്രാൻസ് ഉണർന്ന് കളിക്കാൻ ശ്രമിച്ചു. എന്നാൽ അർജന്‍റീന ആക്രമണം തുടർന്നു. 36-ാം മിനിട്ടിൽ ഫ്രഞ്ച് പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് മാക്അലിസ്റ്റർ നീട്ടി നൽകിയ പാസിൽനിന്ന് ഡിമരിയ ലക്ഷ്യം കാണുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button