ക്യൂബക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി യുഎസ്

ഹവാന : ദ്വീപ് രാഷ്ട്രമായ ക്യൂബക്കെതിരെയുള്ള സമ്മർദം ശക്തമാക്കി അമേരിക്ക വീണ്ടും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ക്യൂബയിലെ ജനങ്ങൾ കടുത്ത ഊർജ്ജ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് വാഷിങ്ടണിന്റെ ഈ നീക്കം.
ക്യൂബൻ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജിഎഇഎസ്എ എന്ന വമ്പൻ ബിസിനസ് കൂട്ടായ്മയെ ലക്ഷ്യം വെച്ചാണ് പുതിയ ഉപരോധങ്ങൾ. ക്യൂബൻ സമ്പദ്വ്യവസ്ഥയുടെ ഏതാണ്ട് എല്ലാ മേഖലകളിലും സ്വാധീനമുള്ള സ്ഥാപനമാണിത്. ഇതിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് ആനിയ ഗില്ലെർമിന ലാസ്ട്രസ് മോറെറ, കാനഡ ആസ്ഥാനമായുള്ള ഷെറിറ്റ് ഇന്റർനാഷണലുമായി ചേർന്ന് പ്രവർത്തിക്കുന്ന ‘മോവ നിക്കൽ’ എന്നീ കമ്പനികൾക്കും ഉപരോധം ബാധകമാണ്.
അമേരിക്കൻ ഉപരോധത്തെത്തുടർന്ന് തങ്ങൾ ക്യൂബയിലെ സംയുക്ത സംരംഭങ്ങളിൽ നിന്നുള്ള പങ്കാളിത്തം താൽക്കാലികമായി നിർത്തിവെച്ചതായി ഷെറിറ്റ് ഇന്റർനാഷണൽ അറിയിച്ചു.
ഇതിനിടെ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്സിൽ കുറിച്ചു. ആവശ്യമായ രാഷ്ട്രീയ-സാമ്പത്തിക പരിഷ്കാരങ്ങൾ ക്യൂബ നടപ്പിലാക്കുന്നത് വരെ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെനസ്വേലൻ നേതാവ് നിക്കോളാസ് മദൂറോയുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങൾക്ക് പിന്നാലെയാണ് ട്രംപ് ഭരണകൂടം ക്യൂബക്ക് മേൽ പിടിമുറുക്കിയത്. അമേരിക്കയുടെ ഇന്ധന ഉപരോധം മൂലം നിലവിൽ ക്യൂബൻ ജനതയുടെ ജീവിതം നരകതുല്യമാണെന്ന് യു.എൻ പ്രത്യേക പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ധനക്ഷാമം കാരണം രോഗികൾക്ക് ആശുപത്രികളിൽ എത്താൻ കഴിയുന്നില്ല. 11,000 കുട്ടികളുടേതടക്കം ഏകദേശം 96,000 ശസ്ത്രക്രിയകൾ നിലവിൽ മുടങ്ങിക്കിടക്കുകയാണ്. ഇന്ധനമില്ലാത്തതിനാൽ വാഹനങ്ങൾ ഓടാത്തത് കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ട്. അത്യാവശ്യ സേവനങ്ങൾക്ക് പോലും വൈദ്യുതിയും ഇന്ധനവും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
വെനസ്വേലയിൽ നിന്നുള്ള ഇന്ധന ലഭ്യത അമേരിക്ക തടഞ്ഞതോടെ റഷ്യയിൽ നിന്നുള്ള കപ്പലുകൾ മാത്രമാണ് ഇപ്പോൾ ക്യൂബയുടെ ഏക ആശ്രയം. എന്നാൽ സമീപമാസങ്ങളിൽ ഒരു റഷ്യൻ ടാങ്കർ മാത്രമാണ് ക്യൂബയിലെത്തിയത്. ഇത് രാജ്യത്തെ ഊർജ്ജ പ്രതിസന്ധി അതീവ ഗുരുതരമാക്കിയിരിക്കുകയാണ്. അമേരിക്കയുടെ നടപടി ക്യൂബൻ ജനതക്ക് മേലുള്ള കൂട്ടായ ശിക്ഷയാണെന്ന് ക്യൂബൻ ഭരണകൂടം പ്രതികരിച്ചു. ക്യൂബയിൽ ഭരണമാറ്റം ലക്ഷ്യമിട്ട് സൈനിക നീക്കം നടത്തുമെന്നും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.



