അന്തർദേശീയം

മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ വിനാശം വിതച്ചെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടൺ ഡിസി : മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കൻ ഭരണകൂടം നേരത്തെ അവകാശപ്പെട്ടതിനേക്കാൾ ഗുരുതരമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുത്തൽ. യുദ്ധം തുടങ്ങിയത് മുതൽ 15 യുഎസ് സൈനിക സൈറ്റുകളിലായി കുറഞ്ഞത് 228 നിർമ്മിതികളും ഉപകരണങ്ങളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.

ഹാംഗറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോകൾ, വിമാനങ്ങൾ, നിർണ്ണായക റഡാർ-വാർത്താവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ബഹ്‌റൈനിലെയും കുവൈത്തിലെയും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം ആരംഭിച്ച ശേഷം മിഡിൽ ഈസ്റ്റിലുടനീളം നടന്ന ഇറാനിയൻ ആക്രമണങ്ങളിൽ ഏഴ് യുഎസ് സർവീസ് അംഗങ്ങൾ കൊല്ലപ്പെട്ടു (ആറ് പേർ കുവൈത്തിലും ഒരാൾ സൗദി അറേബ്യയിലും). 400ലധികം സൈനികർക്ക് പരിക്കേറ്റു.

ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ട സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ വാഷിംഗ്ടൺ പോസ്റ്റ് പരിശോധിക്കുകയും യൂറോപ്യൻ യൂണിയന്റെയും പ്ലാനറ്റ് ലാബ്സിന്റെയും ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അവ ആധികാരികമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൈറ്റ്, ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തുള്ള സാറ്റലൈറ്റ് ഡിഷ്, കുവൈത്തിലെ ക്യാമ്പ് ബ്യൂറിംഗിലെ പവർ പ്ലാന്റ് എന്നിവ ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ജോർദാനിലും യുഎഇയിലുമുള്ള താഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാൻ അവകാശപ്പെടുന്നു.

ഇറാൻ നടത്തിയ ആക്രമണങ്ങൾ അതീവ കൃത്യതയുള്ളതായിരുന്നുവെന്നും യാദൃശ്ചികമായി വീണ മിസൈലുകൾ ഒന്നും തന്നെയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആധുനിക ഡ്രോൺ യുദ്ധമുറകളോട് പൊരുത്തപ്പെടുന്നതിൽ അമേരിക്കൻ സൈന്യത്തിന് സംഭവിച്ച പിഴവുകളും ചില താവളങ്ങളിലെ സുരക്ഷാ കുറവുമാണ് നാശനഷ്ടങ്ങൾ ഇത്രയധികം വർദ്ധിക്കാൻ കാരണമെന്നും അവർ വിലയിരുത്തുന്നു. വാർത്തകൾ പുറത്തുവരുന്നത് നിയന്ത്രിക്കാൻ യുഎസ് സർക്കാർ സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ട് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button