അന്തർദേശീയം

ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

ടോക്കിയോ : തെക്കൻ ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ പ്രവിശ്യയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സമുദ്രോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി. തീരദേശവാസികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാനും അഭ്യർഥിച്ചു. നാശനഷ്ടങ്ങൾ സംബന്ധിച്ച് എത്രയും വേഗം വിലയിരുത്തൽ നടത്താൻ ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്നും സർക്കാർ നിർദേശിച്ചു.

ജപ്പാന്റെ തെക്കൻ ക്യുഷു ദ്വീപിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകൾക്ക് ജപ്പാൻ സർക്കാർ അടിയന്തര ഭൂകമ്പ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 25ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെങ്കിലും മരണങ്ങളോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ലോകത്തിലെ ഭൂകമ്പങ്ങളുടെ ഏകദേശം 18 ശതമാനവും ഇവിടെയാണ് സംഭവിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button