യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ട്രംപ്

വാഷിങ്ടൺ ഡിസി : യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായി റിപ്പോർട്ട്. നവംബറിൽ യുഎസിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ യുഎസ് വീണ്ടും ബോംബാക്രമണം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആവശ്യമായ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഏഴ് ദിവസത്തിനുള്ളിൽ സാധാരണ രീതിയിലുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും കഴിയുമെന്ന് ഇന്നലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ് യുദ്ധം ആരംഭിച്ചത്.
യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ് വാൾ സ്ട്രീറ്റ് ജേർണലാണ് ഇറാന്റെ നിർദേശം ട്രംപ് നിരസിച്ച വാർത്ത പുറത്തുവിട്ടത്. ഇറാന്റെ നിർദേശങ്ങളിൽ ട്രംപ് സംശയാലുവാണെന്നാണ് വാർത്ത. ഇറാനെതിരെ വീണ്ടുമൊരു ബോംബാക്രമണം നടത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെ തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഹോർമുസ് കടലിടുക്കിന്റെ ചിത്രം വട്ടമിട്ട് ‘ട്രംപ് കടലിടുക്ക്’ എന്ന് അടയാളപ്പെടുത്തിയ ഭൂപടവും ട്രംപ് പങ്കുവച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാനും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാനും ഇറാൻ തയാറാണ്. എന്നാൽ അതിനായി യുഎസ് തങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം നീക്കണമെന്നും, എണ്ണ ഉപരോധങ്ങളിൽ ഇളവ് വരുത്തണമെന്നും, ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ പാലിക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ.
ജൂൺ 17ന് ട്രംപും മസൂദ് പെസെഷ്കിയാനും പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന കരാറിൽ ഒപ്പുവച്ചിരുന്നു. ലബനൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൈനിക നടപടികൾ ഉടനടി നിർത്തലാക്കാനും 60 ദിവസത്തിനകം അന്തിമ കരാറിലെത്താനുമായിരുന്നു അന്ന് ധാരണയായത്. എന്നാൽ, ജൂലൈ 8ന് കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഇറാനും ധാരണാപത്രം റദ്ദാക്കി. അതിനുശേഷം, പുതിയൊരു കരാറിലെത്താൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്ന നിലപാടിലാണ് ട്രംപ്.



