ദേശീയം
രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്ന് വീണു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

ജയ്പൂർ : രാജസ്ഥാനിലെ കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കോട്ടയിലെ തൽവാണ്ടി മേഖലയിലെ മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. ഭക്ഷണശാലയായിരുന്നു ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്താണ് അപകടകാരണം എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവം നടന്നയുടൻതന്നെ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
തകർന്നുവീഴുന്ന സമയത്ത് ഭക്ഷണശാലയിൽ നിരവധി പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കൂറ്റൻ യന്ത്രങ്ങളും മറ്റും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത്.



