ലഗേജ് തർക്കത്തിനിടെ ‘ബോംബ്’ പരാമർശം; ക്രോയേഷ്യൻ വിനോദസഞ്ചാരി റിമാൻഡിൽ

റയാനെയർ ജീവനക്കാരുമായുള്ള തർക്കത്തിനിടെ ബാഗിൽ ബോംബുണ്ടെന്ന് പരിഹാസിച്ച ക്രൊയേഷ്യൻ വിനോദസഞ്ചാരിയെ റിമാൻഡ് ചെയ്തു. വിമാനത്താവളത്തിൽ ഹാൻഡ് ലഗേജിന്റെ വലുപ്പത്തെച്ചൊല്ലിയുള്ള റയാൻഎയർ (Ryanair) ജീവനക്കാരുമായുണ്ടായ തർക്കത്തിനിടെ ‘ബാഗിൽ ബോംബൊന്നുമില്ലല്ലോ’ എന്ന് പരിഹാസരൂപേണ സംസാരിച്ച 61-കാരനായ ക്രോയേഷ്യൻ വിനോദസഞ്ചാരി ബ്ലസെൻകോ ജുറാൻ (Blazenko Djuran) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിമാനത്തിൽ കയറുന്നതിനായി ക്യൂവിൽ നിൽക്കവേ, ഇയാളുടെ ഹാൻഡ് ലഗേജ് അനുവദനീയമായ അളവിലും കൂടുതലാണെന്ന് റയാൻഎയർ ജീവനക്കാർ ചൂണ്ടിക്കാട്ടി. തുടർന്നുണ്ടായ തർക്കത്തിനിടയിലാണ്, “ഇതിനകത്ത് ബോംബൊന്നുമില്ലല്ലോ” എന്ന് ഇയാൾ പരിഹാസത്തോടെ പറഞ്ഞത്. ഇതേത്തുടർന്നാണ് പോലീസ് നടപടിയെടുത്തത്.
വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി കുറ്റം സമ്മതിക്കാൻ തയ്യാറായെങ്കിലും, ആദ്യമായി കോടതിയിൽ എത്തുന്ന ഇയാൾക്ക് കുറ്റം സമ്മതിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ബോധ്യപ്പെട്ടതോടെ മജിസ്ട്രേറ്റ് കുറ്റസമ്മതം സ്വീകരിക്കാൻ വിസമ്മതിച്ചു. “താൻ എന്താണ് ചെയ്തതെന്നും അതിനുള്ള ശിക്ഷ എന്താണെന്നും അറിയാത്ത ഒരാളിൽ നിന്ന് കുറ്റസമ്മതം സ്വീകരിക്കാൻ കഴിയില്ല,” എന്ന് അഭിഭാഷകയോട് വ്യക്തമാക്കിയ മജിസ്ട്രേറ്റ് ആബിഗെയ്ൽ ക്രിറ്റിയൻ (Magistrate Abigail Critien) പ്രതിക്ക് വേണ്ടി ‘കുറ്റക്കാരനല്ല’ എന്ന നിലപാട് രേഖപ്പെടുത്തുകയായിരുന്നു.
പിന്നീട് തനിക്ക് കുറ്റപത്രത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും കുറ്റം സമ്മതിക്കുന്നുവെന്നും പ്രതി വീണ്ടും പറഞ്ഞെങ്കിലും, കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി കോടതി കുറ്റസമ്മതം നിരസിച്ചു.
മാൾട്ടയിൽ വിലാസമോ മറ്റ് ബന്ധങ്ങളോ ഇല്ലാത്ത വിനോദസഞ്ചാരിയായതിനാൽ പ്രതിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല. തുടർന്ന് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.



