അന്തർദേശീയംസ്പോർട്സ്

സാൽവിയ മെസീ; മെസിക്ക് അപൂർവ ആദരവുമായി ശാസ്ത്രലോകം

ലിമ : ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിക്ക് അപൂർവ ആദരവുമായി ശാസ്ത്രലോകം. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ ആൻഡീസ് പർവതനിരകളിൽ കണ്ടെത്തിയ പുതിയ സസ്യത്തിന് മെസിയുടെ പേരാണ് നൽകിയത്. അർജന്റീനയുടെ ജേഴ്സിക്ക് സമാനമായി നീലയും വെള്ളയും കലർന്ന പൂക്കളുള്ള സസ്യത്തിന് ‘സാൽവിയ മെസീ’ (Salvia messii) എന്നാണ് പേരിട്ടിരിക്കുന്നത്. പെറുവിലെയും അർജന്റീനയിലെയും സസ്യശാസ്ത്രജ്ഞർ ചേർന്നാണ് പുതിയ ഇനത്തെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്.

സമുദ്രനിരപ്പിൽനിന്ന് 2,000 മുതൽ 2,400 മീറ്റർ വരെ ഉയരമുള്ള ആൻഡീസ് പർവതനിരകളിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിലാണ് സസ്യം വളരുന്നത്. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരും. പുതിനയും തുളസിയും ഉൾപ്പെടുന്ന ലാമിയേസീ (Lamiaceae) കുടുംബത്തിൽപ്പെട്ടതാണ് പുതിയ സസ്യം.

2009 മുതൽ ഈ സസ്യത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വിശദമായ പഠനങ്ങൾക്കുശേഷമാണ് പുതിയ ഇനമായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പെറുവിലെ ലിമ, ഇക്ക മേഖലകളിലെ ആറ് പ്രദേശങ്ങളിൽ മാത്രമാണ് സസ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ വിഭാഗത്തിലാണ് സാൽവിയ മെസിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ഫൈറ്റോടാക്സയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button