മൊറോക്കോയിൽ കൊടുങ്കാറ്റും വെള്ളപ്പൊക്കവും; 4 മരണം

റബാത്ത് : വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നാലു മരണം. ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകളിൽ തുറന്നുവിട്ടതോടെ ആയിരങ്ങളെ ഒഴിപ്പിച്ചതായി പ്രാദേശിക അധികാരികൾ അറിയിച്ചു.
തലസ്ഥാനമായ റബാത്തിന് 270 കിലോമീറ്റർ വടക്കുള്ള ടെറ്റൂവാനിലെ ഗ്രാമത്തിൽ വെള്ളപ്പൊക്കത്തിൽ കാർ ഒഴുകിപ്പോയുണ്ടായ അപകടത്തിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും യുവാവും മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാളെ കാണാതായി. വാരാന്ത്യത്തിൽ മൊറോക്കോയിലേക്ക് നീങ്ങിയ മാർട്ട കൊടുങ്കാറ്റിനെത്തുടർന്ന് ചില വടക്കൻ നഗരങ്ങളിൽ 92 മില്ലിമീറ്റർ വരെ മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് മൊറോക്കോയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി ഉദ്യോഗസ്ഥൻ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ്, ലിയോനാർഡോ കൊടുങ്കാറ്റ്, വടക്കേ ആഫ്രിക്കയിലും ഐബീരിയൻ ഉപദ്വീപിലും ആഞ്ഞടിച്ചിരുന്നു. ഇതേത്തുടർന്ന് മൊറോക്കോയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. അണക്കെട്ടുകളും നദികളും നിറഞ്ഞു കവിഞ്ഞു. വീടുകൾക്കും കൃഷികൾക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായി. പലയിടങ്ങളിലും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. 1,50,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.



