അന്തർദേശീയം

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം; അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രവുമായി സൗദി

റിയാദ് : ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തി ഇറാന്‍ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ പോകുന്നത് തടയാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യ. മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാന്‍ ഇത് കാരണമാകുമെന്നാണ് സൗദി അറേബ്യയുടെ വിലയിരുത്തല്‍. ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധവും ഹോര്‍മുസ് കടലിടുക്ക് അടച്ചതും മിഡില്‍ ഈസ്റ്റിലെ എണ്ണ-വാതക ഉല്‍പ്പാദക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാനും സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങിയെത്താനും ട്രംപ് ഭരണകൂടത്തിന് മേല്‍ സൗദി അറേബ്യ ‘സമ്മര്‍ദ്ദം’ ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കാനുള്ള ട്രംപിന്റെ നീക്കം അവരെ പ്രകോപിപ്പിച്ചേക്കും. ഇത് മറ്റ് പ്രധാന ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്താന്‍ ഇറാനെ പ്രേരിപ്പിച്ചേക്കുമെന്ന് സൗദി ഭയപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഇറാന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്ലാ ഇറാനിയന്‍ ചരക്ക് നീക്കങ്ങളും തടയാന്‍ യുഎസ് തീരുമാനിച്ചത്. എന്നാല്‍ ഇതിന് തിരിച്ചടിയായി, സൗദിയുടെ എണ്ണ കയറ്റുമതിക്ക് നിര്‍ണ്ണായകമായ ചെങ്കടലിലെ ‘ബാബ് അല്‍-മന്ദേബ്’ കടലിടുക്ക് ഇറാന്‍ ഉപരോധിച്ചേക്കുമെന്ന് സൗദി അറേബ്യ യുഎസിന് മുന്നറിയിപ്പ് നല്‍കി.

ആറ് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിലൂടെ, നിര്‍ണ്ണായകമായ ജലപാതകള്‍ അടച്ചുപൂട്ടാനും മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാനുമുള്ള തങ്ങളുടെ കഴിവും സന്നദ്ധതയും ഇറാന്‍ തെളിയിച്ചിരിക്കുകയാണ്. ഇത് അയല്‍രാജ്യങ്ങളുടെ സുരക്ഷാ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുകയും ഗള്‍ഫ് രാജ്യങ്ങളുടെ ദീര്‍ഘകാല എണ്ണ-വാതക തന്ത്രങ്ങളെ അപകടത്തിലാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ദിവസങ്ങള്‍ നീണ്ട തടസ്സങ്ങള്‍ക്ക് ശേഷം, ചെങ്കടലിലേക്ക് പൈപ്പ് ലൈന്‍ വഴി എണ്ണ എത്തിച്ച് പ്രതിദിനം ഏഴ് ദശലക്ഷം ബാരല്‍ എന്ന യുദ്ധത്തിന് മുമ്പുള്ള കയറ്റുമതി നിലവാരത്തിലേക്ക് തിരിച്ചെത്താന്‍ സൗദി അറേബ്യക്ക് സാധിച്ചു. എന്നാല്‍ ബാബ് അല്‍-മന്ദേബ് കൂടി അടയ്ക്കപ്പെട്ടാല്‍ ഈ വിതരണ ശൃംഖലയും തകരുമെന്ന് റിയാദ് ആശങ്കപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യമനിലെ ഇറാന്റെ സഖ്യകക്ഷികളായ ഹൂതികളുടെ നിയന്ത്രണത്തിലാണ് ബാബ് അല്‍-മന്ദേബിന് അടുത്തുള്ള തീരപ്രദേശം. ഗാസ സംഘര്‍ഷ സമയത്ത് ഈ ജലപാതയില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഹൂതികള്‍ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ഈ പാത വീണ്ടും അടച്ചുപൂട്ടാന്‍ ഇറാന്‍ ഹൂതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button