ഹൂതി ആക്രമണ ഭീഷണി : ചരിത്രത്തില്‍ ആദ്യമായി മക്കയില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

റിയാദ് : യെമനിലെ ഹൂതി വിമതരുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയില്‍ ചരിത്രത്തിലാദ്യമായി വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സൗദി സിവില്‍ ഡിഫന്‍സാണ് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയത്. ഏതാനും സമയത്തിന് ശേഷം ഈ മുന്നറിയിപ്പ് പിന്‍വലിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലെ ജിദ്ദ, താഇഫ് തുടങ്ങിയ നഗരങ്ങളിലും സമാന രീതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
സൗദിക്ക് നേരെ ഇറാന് പിന്തുണയുള്ള ഹൂതികള്‍ തുടര്‍ച്ചയായി മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് മക്കയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കേണ്ടി വന്നത്. യെമനില്‍ നിന്നും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സൗദി അറേബ്യയില്‍ 13 പേര്‍ക്ക് പരിക്കേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് മുന്നറിയിപ്പ് വന്നത്.
സുരക്ഷാ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മക്കയിലെ നാഷണല്‍ എര്‍ലി വാണിങ് പ്ലാറ്റ്ഫോം വഴിയാണ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജനം ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യൂഹങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്നും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അതേസമയം, ഇസ്ലാമിന്റെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഡ്രോണ്‍ അയച്ചെന്ന സൗദി സഖ്യസേനയുടെ റിപ്പോര്‍ട്ട് ഹൂതി അധികൃതര്‍ തള്ളി. മക്കയെ ലക്ഷ്യമിടുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് ഹൂതി പൊളിറ്റ്ബ്യൂറോ അംഗം ഹസം അല്‍-അസദ് പ്രതികരിച്ചത്. സൗദി-യെമന്‍ സംഘര്‍ഷം കടുക്കുന്നതിനിടെ ചെങ്കടലിലെ തന്ത്രപ്രധാന കപ്പല്‍പ്പാതകളും സൗദിയിലെ എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണം മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.



