അന്തർദേശീയം

ഹോർമുസ് കടലിടുക്ക് : ഇറാൻ- ഒമാൻ നയതന്ത്ര ചർച്ചകളിൽ 48 മണിക്കൂറിനുള്ളിൽ ധാരണയുണ്ടായേക്കാമെന്ന് റിപ്പോർട്ട്

മസ്‌ക്കറ്റ് : ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ- ഒമാൻ നയതന്ത്ര ചർച്ചകൾ തുടരുന്നു. ഹോർമുസ് തുറക്കുന്നതിൽ ഇന്നോ നാളെയോ കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു. ഹോർമുസിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനുമായി നടത്തുന്ന ചർച്ചകൾ ‘പോസിറ്റീവ്’ ആണെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സൂചന നൽകിയിട്ടുണ്ട്.

ഹോർമുസുമായി ബന്ധപ്പെട്ട ചർച്ചയിൽ മസ്‌കറ്റും ടെഹ്‌റാനും ‘പുതിയ തലത്തിൽ’ എത്തിയതായി ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു. ഹോർമുസ് വഴി സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി കടലിടുക്കിൽ ഒരു ‘മിഡിൽ കോറിഡോർ’ നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്.

ചർച്ചകൾ പുരോഗമിക്കുമ്പോഴും, അമേരിക്കയുടെ ഇടപെടലുകളും സൈനിക ഭീഷണികളുമാണ് കരാറിലെത്താൻ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഭീഷണിയുടെ നിഴൽ നിലനിൽക്കുന്നിടത്തോളം കരാർ വൈകുമെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

ചർച്ചകൾ പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ താഴെയായി കുറഞ്ഞു. ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച വിജയിച്ചാൽ യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ കരാർ.

യുദ്ധം തുടങ്ങിയ ശേഷം സജീവമായ ലാരക് ദ്വീപിന് ചുറ്റുമുള്ള ഇറാന്റെ സ്വന്തം ജലാതിർത്തിയിലൂടെയുള്ള ‘വടക്കൻ റൂട്ടിനും’ ഒമാൻ തീരത്തോട് ചേർന്ന് അമേരിക്ക നിർദ്ദേശിച്ച ‘തെക്കൻ റൂട്ടിനും ബദലായി മിഡിൽ കോറിഡോർ സജീവമാക്കാനാണ് ലക്ഷ്യം. ഈ പാത ഇറാനും ഒമാനും ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഇറാന്റെ നിർദേശം. തീരദേശ രാഷ്ട്രമെന്ന നിലയിൽ ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

ചർച്ചയിലുള്ള പുതിയ സാങ്കേതിക ധാരണ പ്രകാരം, പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന( Inbound)കപ്പലുകളുടെ പൂർണ്ണ നിയന്ത്രണം ഇറാനായിരിക്കും. അതേസമയം ഗൾഫിൽ നിന്ന് പുറത്തേക്ക് പോകുന്ന (Outbound) കപ്പലുകൾക്ക് ഇറാനെ അറിയിച്ച ശേഷം ക്ലിയറൻസ് നൽകാനുള്ള അധികാരം ഒമാനുമായിരിക്കും. ഈ പാതയിലൂടെ കടന്നുപോകുന്ന വാണിജ്യ ടാങ്കറുകളിൽ നിന്ന് ‘സർവീസ് ഫീസ്’ ഈടാക്കാൻ ഇറാൻ താല്പര്യപ്പെടുന്നുണ്ട്. സുരക്ഷാപരമായ ഭീഷണികളോ സംശയങ്ങളോ ഉണ്ടായാൽ പാതയിൽ പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ കപ്പലുകളിൽ ഇടപെടാനും തങ്ങൾക്ക് അധികാരമുണ്ടായിരിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു.

നേരത്തെ ഹോർമുസ് കടലിടുക്കിലൂടെ ഇരുവശങ്ങളിലേക്കുമുള്ള എല്ലാ കപ്പൽ ഗതാഗതത്തിന്റെയും പൂർണ്ണ നിയന്ത്രണം തങ്ങൾക്ക് വേണമെന്നാണ് ഇറാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പുറത്തേക്ക് പോകുന്ന കപ്പലുകളുടെ മേൽ പൂർണ്ണ നിയന്ത്രണത്തിന് പകരം ‘നിരീക്ഷണ അധികാരം’ വേണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഹോർമുസിനുമേൽ തുല്യനിയന്ത്രണം മുന്നോട്ടുവയ്ക്കുന്ന ഒമാൻ പദ്ധതി നേരത്തേ ഇറാൻ തള്ളിയിരുന്നു.

ഒരു അന്താരാഷ്ട്ര പാതയായതിനാൽ യുദ്ധത്തിന് മുൻപ് കപ്പലുകൾ തടഞ്ഞുനിർത്താനോ സമുദ്രമധ്യത്തിൽ വെച്ച് പരിശോധിക്കാനോ തടസ്സമുണ്ടാക്കാനോ ഇറാനോ മറ്റ് രാജ്യങ്ങൾക്കോ നിയമപരമായ അവകാശമുണ്ടായിരുന്നില്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button