യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുഎസ്-ഇറാൻ സമാധാന കരാർ തകർക്കാൻ ഇസ്രായേലിനെ അനുവദിക്കരുത് : റജബ് ത്വയ്യിബ് ഉർദുഗാൻ

ഇസ്താംബുൾ : അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന കരാർ തകർക്കാൻ ഇസ്രായേലിനെ അനുവദിക്കരുതെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്താംബൂളില്‍ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ രാജ്യങ്ങളുടെ പൂർണ്ണമായ പങ്കാളിത്തവും പിന്തുണയുമില്ലാതെ കൊണ്ടുവരുന്ന ഒരു സമാധാന പരിഹാരവും ശാശ്വതമായിരിക്കില്ലെന്ന് ഉർദുഗാൻ വ്യക്തമാക്കി. യു.എസ്-ഇറാൻ കരാർ അട്ടിമറിക്കാനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ ശ്രമങ്ങളെ തങ്ങൾ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്ന് ഉർദുഗാൻ പറഞ്ഞു. നിലവിലെ യുദ്ധക്കൊതിയന്മാരായ ഇസ്രായേൽ സർക്കാരിനെ നമ്മുടെ ഭൂപ്രദേശത്തെ വീണ്ടും വെടിമരുന്നിന്റെയും രക്തത്തിന്റെയും മണത്തിൽ മുക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനൻ, സിറിയ എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ രൂപീകരിച്ച ഈ ധാരണയെ തുർക്കി പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ഉർദുഗൻ അഭിനന്ദിക്കുകയും ചെയ്തു. പാകിസ്ഥാനുമായി ഊർജ്ജം, ഗതാഗതം, ധാതുക്കൾ, വിവരസാങ്കേതികവിദ്യ, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാനും ഉഭയകക്ഷി വ്യാപാരം 5 ബില്യൺ ഡോളറായി ഉയർത്താനും തുർക്കി ലക്ഷ്യമിടുന്നതായി ഉർദുഗാൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button