മാൾട്ടാ വാർത്തകൾ

വൈദ്യുതി തടസ്സം മൃഗങ്ങൾക്ക് ഭീഷണി: അടിയന്തര സഹായ അഭ്യർത്ഥനയുമായി ബോർംലയിലെ പൂച്ച സംരക്ഷണ കേന്ദ്രം

കടുത്ത വൈദ്യുതി തടസ്സത്തെ തുടർന്ന് ദുരിതത്തിലായ പൂച്ച സംരക്ഷണ കേന്ദ്രം അടിയന്തര പൊതുജന സഹായം തേടുന്നു. തിങ്കളാഴ്ച രാത്രി മുതൽ വൈദ്യുതിയില്ലാത്തതിനെ തുടർന്ന്, ചികിത്സയിലും പരിചരണത്തിലും കഴിയുന്ന മൃഗങ്ങളുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് ‘കേരർ ഫോർ സ്ട്രേ ആൻഡ് അബാൻഡൻഡ് ഫെലൈൻസ്’ (CSAF) എന്ന സന്നദ്ധ സംഘടന രംഗത്തെത്തിയത്.

തെരുവിൽ അലയുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ പൂച്ചകളെ സംരക്ഷിക്കുകയും അവയ്ക്ക് ചികിത്സ നൽകുകയും ചെയ്യുന്ന സംഘടനയാണിത്. കടുത്ത ചൂടിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും തളർന്നു വീഴുന്നതുമായ പൂച്ചകളുടെ ദൃശ്യങ്ങൾ സിഎസ്എഎഫ് ചൊവ്വാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

വാടകയ്ക്കോ ഉപയോഗിക്കാനോ ലഭിക്കുന്ന ഒരു ജനറേറ്റർ അടിയന്തരമായി നൽകി സഹായിക്കണമെന്ന് സംഘടന അഭ്യർത്ഥിച്ചു. കൂടാതെ, വിഷയം ഊർജ്ജ വിതരണക്കാരായ ‘എനെമാൾട്ട’യുടെ (Enemalta) അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ബന്ധപ്പെട്ടവരുടെ സഹായവും അവർ തേടിയിട്ടുണ്ട്.

അസുഖബാധിതരായ പൂച്ചകളെ പാർപ്പിച്ചിരിക്കുന്ന കണ്ടെയ്നറുകളിലെ മെഡിക്കൽ മുറികളെക്കുറിച്ചാണ് കേന്ദ്രം ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത്. ഈ മുറികളിലെ താപനില ക്രമീകരിക്കാൻ എയർ കണ്ടീഷണറുകൾ അത്യാവശ്യമാണ്. വൈദ്യുതിയില്ലാത്തതിനാൽ ഈ മുറികൾ കഠിനമായ ചൂടിൽ വേവുകയാണെന്നും ഇത് അസുഖബാധിതരായ പൂച്ചകൾക്ക് ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായേക്കാമെന്നും അവർ പറഞ്ഞു.

ആശുപത്രി മുറികൾക്ക് പുറമെ ഷെൽട്ടറിന്റെ മറ്റ് ഭാഗങ്ങളും സമാനമായ ദുരിതത്തിലാണ്. “വൈദ്യുതിയില്ലാത്തതിനാൽ ഫാനുകളോ വായുസഞ്ചാരമോ ലഭ്യമല്ല. ഈ കടുത്ത ചൂടിൽ പൂച്ചകളെ സംരക്ഷിക്കാൻ മറ്റ് വഴികളൊന്നുമില്ല. ഓരോ മണിക്കൂർ കഴിയുംതോറും അവയുടെ ജീവൻ കൂടുതൽ അപകടത്തിലാവുകയാണ്,” സിഎസ്എഎഫ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button