യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലണ്ടനിലെ ക്ലബ്ബിൽ വെച്ച് യുവതിയുടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി; കുറ്റസമ്മതം നടത്തി ഇന്ത്യൻ കോടീശ്വരൻ

ലണ്ടൻ : ലണ്ടനിലെ അതിസമ്പന്നമായ മെയ്‌ഫെയർ ഏരിയയിലെ ഒരു പ്രമുഖ ക്ലബ്ബിൽ വെച്ച് യുവതിയുടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയതായി കോടതിയിൽ സമ്മതിച്ച് ഇന്ത്യൻ വംശജനായ കോടീശ്വരൻ വികാസ് നാഥ്. ലണ്ടനിലെ പ്രശസ്തമായ മിഷേലിൻ സ്റ്റാർ റെസ്റ്റോറന്റ് ‘ബെനാരസി’ന്റെ ഉടമയായ 63-കാരൻ വികാസ് നാഥ്, 2024 ജനുവരി 15-ന് മെയ്‌ഫെയറിലെ ‘അന്നാബെൽസ്’ എന്ന സ്വകാര്യ മെമ്പേഴ്സ് ക്ലബ്ബിൽ വെച്ചാണ് ഈ കുറ്റകൃത്യം ചെയ്തത്. യുവതി കുടിച്ചിരുന്ന മാർഗരിറ്റ പാനീയത്തിൽ ‘ഗാമ-ബ്യൂട്ടിറോലാക്റ്റോൺ’ (GBL) എന്ന മാരകമായ രാസവസ്തു കലർത്തുകയായിരുന്നു ഇയാൾ.

യുവതിയെ ശാരീരികമായി ഉപദ്രവിക്കാനല്ല, മറിച്ച് അവരെ മാനസികമായി ഒന്ന് ‘റിലാക്സ്’ ചെയ്യിക്കാനാണ് താൻ പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയതെന്നാണ് വികാസ് നാഥ് കോടതിയിൽ വാദിച്ചത്. എന്നാൽ ലൈംഗിക ലക്ഷ്യത്തോടെയല്ല ഇത് ചെയ്തതെന്ന ഇയാളുടെ വാദത്തെ പ്രോസിക്യൂഷൻ തള്ളി. സംഭവത്തിന് മുമ്പ് തന്നെ യുവതിയുമായി ലൈംഗിക ബന്ധത്തിന് ആഗ്രഹമുണ്ടെന്നും എന്നാൽ അത് നടക്കാത്തതിൽ താൻ അസ്വസ്ഥനാണെന്നും കാണിച്ച് വികാസ് നാഥ് തന്റെ സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പ്രോസിക്യൂട്ടർ ടിം ക്ലാർക്ക് കോടതിയിൽ ഹാജരാക്കി. കൂടാതെ, തന്റെ കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് മുമ്പ് ലൈംഗിക ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

വികാസ് നാഥിന്റെ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ലബ്ബ് ജീവനക്കാരുടെ നീക്കമാണ് പിടിക്കപ്പെടാൻ സഹായകമായത്. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയ വാനില എക്സ്ട്രാക്റ്റ് കുപ്പിയിൽ നിന്ന് സ്ട്രോ ഉപയോഗിച്ച് പാനീയത്തിലേക്ക് ദ്രാവകം പകർത്തുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഇടപെടുകയായിരുന്നു. യുവതി പാനീയം കുടിക്കുന്നതിന് മുമ്പ് തന്നെ അവർ ആ ഗ്ലാസ് മാറ്റുകയും വിവരം അവരെ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് കയ്യിലുണ്ടായിരുന്ന കുപ്പി ടോയ്ലറ്റിൽ ഉപേക്ഷിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഇയാൾക്കെതിരായ നിർണായക തെളിവായി മാറി.

താൻ ഏറെ വിശ്വസിച്ചിരുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു വഞ്ചന ഉണ്ടായതിൽ യുവതി കോടതിയിൽ അതീവ ദുഃഖം രേഖപ്പെടുത്തി. വിവാഹമോചനവും കുടുംബപ്രശ്നങ്ങളും കാരണം താൻ മാനസികമായി തകർന്നിരുന്ന സമയത്ത് വികാസ് നാഥ് കാണിച്ച കരുതൽ വ്യാജമായിരുന്നുവെന്ന് താൻ തിരിച്ചറിഞ്ഞില്ലെന്ന് അവർ പറഞ്ഞു. ബ്രിട്ടനിലും സ്പെയിനിലും നിരവധി റെസ്റ്റോറന്റുകളുള്ള ഈ ഇന്ത്യൻ വ്യവസായിയുടെ കുറ്റസമ്മതം വലിയ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. കേസിൽ കോടതി നടപടികൾ ഇപ്പോഴും തുടർന്നു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button