16 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കി മലേഷ്യേ

ക്വാലാലംപൂര്‍ : 16 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കി മലേഷ്യേന്‍ സര്‍ക്കാര്‍. കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കുന്നതു തടയുന്ന പുതിയ നിയമം തിങ്കളാഴ്ച മുതല്‍ രാജ്യത്തു നടപ്പില്‍ വന്നു.
കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായം സ്ഥീരീകരിച്ചശേഷമേ സോഷ്യല്‍മീഡിയയില്‍ അക്കൗണ്ട് തുറക്കാനാകൂ.
പുതിയ നിയമപ്രകാരം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങള്‍ നടപ്പാക്കണം. 16 വയസിനു താഴെയുള്ളവര്‍ക്ക് പുതിയ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. കുറഞ്ഞത് 80 ലക്ഷം ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമുകള്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്.
നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് 10 മില്യണ്‍ റിംഗിറ്റ് (ഇരുപത്തിമൂന്ന് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) വരെ പിഴ ചുമത്തും. എന്നാല്‍ കുട്ടികള്‍ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് നിയമം മറികടന്നാല്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളില്‍ നിന്നും സൈബര്‍ ബുള്ളിയിംഗില്‍ നിന്നും അമിത സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്നും സംരക്ഷിക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, നിര്‍ബന്ധിത പ്രായപരിശോധന സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്ക ചില മനുഷ്യാവകാശ സംഘടനകളും വിദഗ്ധരും ഉയര്‍ത്തുന്നുണ്ട്.
ഓസ്ട്രേലിയ, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് സമാന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് മലേഷ്യയുടെ പുതിയ നീക്കം.



