യൂറോപ്യൻ യൂണിയൻ വാർത്തകൾ

പൈലറ്റിന് ഹൃദയാഘാതം; സ്പെയിനിൽ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെട്ട ജെറ്റ് 2 വിമാനത്തിന് പോർച്ചുഗലിൽ എമർജൻസി ലാൻഡിംഗ്

പോർട്ടോ : 30000 അടി ഉയരത്തിൽ നിന്ന് വിമാനം കൂപ്പുകുത്തി. പൈലറ്റിന് ഹൃദയാഘാതം. അടിയന്തര ലാൻഡിംഗ്. സ്പെയിനിൽ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെട്ട ജെറ്റ് 2 വിമാനത്തിലാണ് അപ്രതീക്ഷിതമായി എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വന്നത്. 220 യാത്രക്കാരുമായാണ് വിമാനം ടെനറൈഫിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം പെട്ടന്ന് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നത് ശ്രദ്ധിച്ച ഫസ്റ്റ് ഓഫീസറാണ് ക്യാപ്ടന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നത് തിരിച്ചറിഞ്ഞത്. പിന്നാലെ മെയ് ഡേ സന്ദേശം നൽകിയതിന് പിന്നാലെ പോർച്ചുഗലിലെ പോർട്ടോയിൽ എമർജൻസി ലാൻഡിംഗ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 2.15ഓടെയാണ് വിമാനം പോർട്ടോയിൽ ലാൻഡ് ചെയ്തത്. സാഹചര്യം ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഫസ്റ്റ് ഓഫീസർ ഉടൻ തന്നെ അപകട സൂചനയായ മെയ്‌ഡേ സന്ദേശം അയക്കുകയും വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാൻ അനുമതി തേടുകയും ചെയ്തു.

സ്പെയിനിലെ ടെനറൈഫിൽ നിന്ന് ബ്രിട്ടനിലെ ബെർമിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന എൽ എസ് 1266 എന്ന വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. പോർച്ചുഗലിലെ വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. വിമാനം ലാൻഡ് ചെയ്തയുടൻ തന്നെ റൺവേയിൽ കാത്തുനിന്നിരുന്ന മെഡിക്കൽ സംഘം പൈലറ്റിന് പ്രാഥമിക ചികിത്സ നൽകുകയും വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കുകളില്ലെന്നും അവർ സുരക്ഷിതരാണെന്നും വിമാനക്കമ്പനി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button