15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി ഫ്രാൻസ്

പാരീസ് : 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തുന്ന ചരിത്രപ്രധാനമായ ബില്ലിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകാനൊരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പോടെ, യൂറോപ്യൻ യൂണിയനിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി ഇത്തരമൊരു ശക്തമായ ഡിജിറ്റൽ പ്രായപരിധി നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറും.
ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന ഈ നിയമം, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഈ പുതിയ ഡിജിറ്റൽ നിയന്ത്രണം രണ്ട് ഘട്ടങ്ങളായാണ് രാജ്യത്ത് നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
ഒന്നാം ഘട്ടം (സെപ്റ്റംബർ 1 മുതൽ): 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തും. ഇതിനൊപ്പം തന്നെ സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള നിരോധനവും പുതിയ അധ്യയന വർഷാരംഭത്തോടെ പ്രാബല്യത്തിൽ വരും.
രണ്ടാം ഘട്ടം (2027 ജനുവരി മുതൽ): 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ നിലവിലുള്ള എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യും. ഇടത് പാർട്ടികളിൽ നിന്ന് ചില എതിർപ്പുകൾ ഉയർന്നിട്ടുണ്ടെങ്കിലും, പാർലമെന്റിന്റെ ഇരുസഭകളും (അപ്പർ, ലോവർ ഹൗസുകൾ) ബില്ലിന്റെ കരടുരൂപത്തിൽ ധാരണയിലെത്തിയതിനാൽ വോട്ടെടുപ്പ് തടസ്സമില്ലാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഓൺലൈൻ ലോകത്ത് നമ്മുടെ കുട്ടികളെ കൂടുതൽ സുരക്ഷിതരാക്കാൻ ഡിജിറ്റൽ പ്രായപരിധി നിശ്ചയിക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി നാളെ ഫ്രാൻസ് മാറും’ ഫ്രഞ്ച് ഡിജിറ്റൽ കാര്യ മന്ത്രി ആൻ ലെ ഹെനാഫ് പറഞ്ഞു.
ബില്ലിന്റെ ചില വ്യവസ്ഥകളിൽ പാർലമെന്റിലെ ഇരുസഭകളും തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കുട്ടികളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന പ്ലാറ്റ്ഫോമുകളെ ബ്ലാക്ക്ലിസ്റ്റ് ചെയ്യാനും, താരതമ്യേന ദോഷകരമല്ലാത്ത പ്ലാറ്റ്ഫോമുകൾ രക്ഷിതാക്കളുടെ അനുമതിയോടെ ഉപയോഗിക്കാൻ അനുവദിക്കാനുമുള്ള ‘ടു-ടിയർ’ സംവിധാനമാണ് സെനറ്ററമാർ നിർദേശിച്ചത്. എന്നാൽ, ദോഷകരമായ പ്ലാറ്റ്ഫോമുകൾ വേർതിരിക്കുന്നതിന് പകരം 15 വയസ്സിൽ താഴെയുള്ള എല്ലാവർക്കും സോഷ്യൽ മീഡിയ പൂർണ്ണമായി വിലക്കണമെന്ന വിശാലമായ സമീപനമാണ് ലോവർ ഹൗസ് സ്വീകരിച്ചത്.
അവസാനം ലോവർ ഹൗസിന്റെ കർശനമായ നിർദേശം ബില്ലിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിജ്ഞാനകോശങ്ങൾ, വിദ്യാഭ്യാസ സംബന്ധമായ പോർട്ടലുകൾ എന്നിവക്ക് ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കൽ നൽകിയിട്ടുണ്ട്.
ടിക് ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൗമാരക്കാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും വ്യക്തിത്വവികസനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഫ്രാൻസിലെ പബ്ലിക് ഹെൽത്ത് വാച്ച്ഡോഗ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ സ്ക്രീൻ ഉപയോഗം, സൈബർ ബുളീയിങ് എന്നിവ കുട്ടികളിൽ കടുത്ത വിഷാദത്തിനും മറ്റ് മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്ന മുന്നറിയിപ്പുകളാണ് ഈ നിയമ നിർമാണത്തിന് വേഗം കൂട്ടിയത്.
നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഉപയോക്താക്കളുടെ കൃത്യമായ വയസ്സ് പരിശോധിക്കുക എന്നതാണ് സോഷ്യൽ മീഡിയ കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനായി അനുയോജ്യമായ സാങ്കേതിക മാർഗ്ഗങ്ങൾ പ്ലാറ്റ്ഫോമുകൾ തന്നെ കണ്ടെത്തേണ്ടി വരും. യൂറോപ്യൻ കമ്മീഷൻ വികസിപ്പിച്ചെടുത്ത പ്രായപരിധി പരിശോധനാ ആപ്പുകൾ അടക്കമുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താനാണ് ആലോചന.



