അന്തർദേശീയം

ലബനനിൽ ഇസ്രായേൽ സൈന്യത്തിൻറെ വ്യോമാക്രമണം; നാല് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത് : അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി ലബനനിൽ ഇസ്രായേൽ സൈന്യം രക്ഷാപ്രവർത്തകർക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ നാല് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ മയ്ഫദൂൻ ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം.

പരുക്കേറ്റ സിവിലിയന്മാരെ സഹായിക്കാൻ എത്തിയ ആദ്യ മെഡിക്കൽ സംഘത്തിനു നേരെയാണ് ഇസ്രയേൽ ആദ്യം ബോംബ് പ്രയോഗിച്ചത്. ഇതിൽ പരുക്കേറ്റ സഹപ്രവർത്തകരെ രക്ഷിക്കാൻ എത്തിയ രണ്ടാമത്തെ സംഘത്തിനു നേരെയും, തുടർന്ന് സഹായവുമായി എത്തിയ മൂന്നാമത്തെ സംഘത്തിനു നേരെയും ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തി.

ആംബുലൻസുകൾക്കുള്ളിൽ വെച്ചാണ് പലർക്കും പരിക്കേറ്റത്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മാർച്ച് രണ്ടിന് ഇസ്രയേലും യുഎസും ചേർന്ന് ഗൾഫ് മേഖലയിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 91 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇസ്രയേൽ ലബനനിൽ തുടരുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 2,167 ആയി ഉയർന്നിട്ടുണ്ട്.

ആക്രമണം ശക്തമായതോടെ തെക്കൻ ലബനനിലെ പതിനായിരക്കണക്കിന് ആളുകൾ തീരദേശ നഗരമായ ടയറിലേക്ക് പലായനം ചെയ്തു. എന്നാൽ, ഇവിടെയും കെട്ടിടങ്ങൾ തകർക്കപ്പെട്ട നിലയിലാണെന്നും, ഒരിടവും സുരക്ഷിതമല്ലെന്നും പ്രദേശവാസികൾ പറയുന്നു.

ഇതിനിടെ, തെക്കൻ ലബനനിലെ തന്ത്രപ്രധാനമായ ബിന്ത് ജ്ബൈൽ നഗരത്തിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു.

വെടിനിർത്തലിനു വേണ്ടി വാഷിങ്ടണിൽ ലബനൻ സർക്കാർ ഇസ്രായേലുമായി നടത്തുന്ന നേരിട്ടുള്ള ചർച്ചകൾക്കെതിരേ ഇറാന്‍റെ പിന്തുണയുള്ള ഭീകര സംഘടന ഹിസ്ബുള്ള രംഗത്തെത്തിയിട്ടുമുണ്ട്. സ്വന്തം ജനത കൊല്ലപ്പെടുമ്പോൾ ശത്രുരാജ്യവുമായി ചർച്ച നടത്തുന്നത് അപമാനകരമാണെന്ന് ഹിസ്ബുള്ള നേതാക്കൾ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button