യൂറോപ്യൻ യൂണിയൻ വാർത്തകൾ

ജർമനിയിലെ സാക്സണി-അൻഹാൾട്ടിലെ തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടി എ.എഫ്.ഡിക്ക് വൻ വിജയം

ബർലിൻ : ജർമനിയിലെ കിഴക്കൻ സംസ്ഥാനമായ സാക്സണി-അൻഹാൾട്ടിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടി ആൾട്ടർനേറ്റീവ് ഫോർ ജർമനി (എ.എഫ്.ഡി.) വൻ വിജയം സ്വന്തമാക്കി. സംസ്ഥാനത്ത് സർക്കാർ രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട പാർട്ടിക്ക് കേവല ഭൂരിപക്ഷത്തിന് തൊട്ടരികിൽ എത്താൻ സാധിച്ചു. 83 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകൾ മാത്രം അകലെ, 39 സീറ്റുകൾ നേടി.

21 ലക്ഷം ജനസംഖ്യയുള്ള സാക്സണി-അൻഹാൾട്ടിൽ കനത്ത പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്—77.8 ശതമാനം. മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാതിരുന്ന വലിയൊരു വിഭാഗം ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞതാണ് എ.എഫ്.ഡി.യുടെ മുന്നേറ്റത്തിന് പ്രധാന പങ്കുവഹിച്ചത്. മുൻ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിന്റെ ഇരട്ടിയിലധികം നേടിയാണ് പാർട്ടി ഇത്തവണ കരുത്ത് തെളിയിച്ചത്. പോൾ ചെയ്ത വോട്ടുകളിൽ 43.8 ശതമാനം എ.എഫ്.ഡി. സ്വന്തമാക്കി.

അതേസമയം, നിലവിൽ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സി.ഡി.യു.) തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ 24 വർഷമായി ഈ സംസ്ഥാനം ഭരിക്കുന്ന മെർസിന്റെ സി.ഡി.യു.വിന് വെറും 17.2 ശതമാനം വോട്ടും 15 സീറ്റുകളും മാത്രമേ നേടാനായുള്ളൂ. മുൻ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ വോട്ട് വിഹിതത്തിൽ പകുതിയോളം നഷ്ടമായി.

മറ്റ് കക്ഷികളായ സോഷ്യൽ ഡെമോക്രാറ്റുകൾ 9.3 ശതമാനവും ഗ്രീൻ പാർട്ടി 8.9 ശതമാനവും ലെഫ്റ്റ് പാർട്ടി 8.6 ശതമാനവും വോട്ടുകൾ നേടി എട്ട് സീറ്റുകൾ വീതം സ്വന്തമാക്കി. പുതിയ കക്ഷിയായ ബി.എസ്.ഡബ്ല്യു. പാർട്ടിക്ക് 5.3 ശതമാനം വോട്ടും അഞ്ച് സീറ്റുകളും ലഭിച്ചു.

ഔദ്യോഗികമായല്ലെങ്കിലും, നിലപാടുകളിൽ ഹ്റ്റ്ലറെയും നാസി ആശയങ്ങളെയും പിന്തുണയ്ക്കുന്ന പാർട്ടിയാണ് എ.എഫ്.ഡി. എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. അമിത ദേശീയവാദം, കുടിയേറ്റ വിരുദ്ധത തുടങ്ങിയവയും നാസിസത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടുകളും മൂലം അന്താരാഷ്ട്ര തലത്തിൽത്തന്നെ എ.എഫ്.ഡി. വിമർശനങ്ങൾ നേരിടാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button