വിദേശ വാണിജ്യ ബർത്ത് ടൂറിസം ശൃംഖലകളെ ലക്ഷ്യമിട്ട് പുതിയ വിസ നിയന്ത്രണ നയം പ്രഖ്യാപിച്ച് യു.എസ്

വാഷിങ്ടൺ ഡിസി : വിദേശ വാണിജ്യ ബർത്ത് ടൂറിസം ശൃംഖലകളെ ലക്ഷ്യമിട്ട് പുതിയ വിസ നിയന്ത്രണ നയം പ്രഖ്യാപിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ് പൗരത്വം നേടുക എന്ന ലക്ഷ്യത്തോടെ മാത്രം രാജ്യത്ത് പ്രസവം ക്രമീകരിക്കുന്നതിനായി ശൃംഖലകൾ പരസ്യം നൽകുകയും വിസ അപേക്ഷകളിൽ കള്ളം പറയാൻ വിദേശ പൗരന്മാരെ പരിശീലിപ്പിക്കുകയും, അവരിൽ നിന്ന് പതിനായിരക്കണക്കിന് ഡോളർ ഈടാക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യു.എസിന്‍റെ ഇമിഗ്രേഷൻ സംവിധാനം വിദേശികൾ ചൂഷണം ചെയ്യുന്നത് തടയാനാണ് പുതിയ നയം ലക്ഷ്യമിടുന്നതെന്ന് റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിന്റെ സെക്ഷൻ 212(a)(3)(C) പ്രകാരമാണ് ഈ വിസ നിയന്ത്രണ നയം വരുന്നത്.
വാണിജ്യ ബർത്ത് ടൂറിസത്തിന് സൗകര്യമൊരുക്കുന്ന ശൃംഖലകളുടെ ഉടമകൾ, ഓപ്പറേറ്റർമാർ, മാനേജർമാർ, തട്ടിപ്പ് നടത്താൻ അപേക്ഷകരെ പരിശീലിപ്പിക്കുന്ന വിസ ഇടനിലക്കാർ, ഇത്തരം യാത്രകൾക്കും മെഡികെയ്ഡ് സിസ്റ്റം വഞ്ചനാപരമായി ഉപയോഗിക്കുന്നതിനും ബോധപൂർവ്വം കൂട്ടുനിൽക്കുകയും സൗകര്യമൊരുക്കുകയും ചെയ്യുന്ന വിദേശ മെഡിക്കൽ ദാതാക്കൾ, വാണിജ്യ ബർത്ത് ടൂറിസത്തെ പിന്തുണയ്ക്കുകയും അതിന് കൂട്ടുനിൽക്കുകയും വഴിയൊരുക്കുകയും ചെയ്യുന്ന മറ്റ് വ്യക്തികൾ എന്നിവർക്കെതിരെ പുതിയ നയം അനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
പ്രസവിക്കാനായി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന രീതിയാണ് ബർത്ത് ടൂറിസം. മിക്കവാറും, കുഞ്ഞിന് പാസ്‌പോർട്ട് നേടുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. യു.എസിൽ ജനിക്കുന്നവർക്ക് രാജ്യം ജന്മാവകാശ പൗരത്വം നൽകുന്നുണ്ട്. മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭിക്കുക എന്നതും ബർത്ത് ടൂറിസത്തിന് പ്രേരണയാകുന്നുണ്ട്. പ്രസവിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ യു.എസിലേക്ക് യാത്ര ചെയ്യുന്നത് നിലവിൽ നിയമവിരുദ്ധമാണ്. ചില പ്രത്യേക വിഭാഗങ്ങൾക്കുള്ള ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗസ്റ്റിൽ പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകൾ പ്രഖ്യാപിച്ചിരുന്നു.
യു.എസിൽ ബർത്ത് ടൂറിസത്തിലൂടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, പ്രസവിക്കാനായി ടൂറിസ്റ്റ് വിസയിൽ യു.എസിലേക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കൃത്യമായി ട്രാക്ക് ചെയ്യുന്ന സർക്കാർ കണക്കുകളൊന്നും നിലവിലില്ല. യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (CDC) കണക്കനുസരിച്ച്, 2024ൽ യു.എസിൽ വിദേശികളായ സ്ത്രീകൾക്ക് 9,500 കുഞ്ഞുങ്ങൾ ജനിച്ചു. വിദേശ വിലാസങ്ങളുള്ള അമ്മമാരുടെ പേരിൽ രജിസ്റ്റർ ചെയ്ത ജനനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്.



