അന്തർദേശീയം

ഇന്തോനേഷ്യയിൽ മാർക്കറ്റിൽ വൻ തീപിടിത്തം; 11 മരണം

ജയപുര : ഇന്തോനേഷ്യയിലെ സെൻട്രൽ പാപുവ പ്രവിശ്യയിലെ പനിയൈയിൽ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ ആറ് കുട്ടികളടക്കം 11 പേർ മരിച്ചു. അഞ്ച് മുതിർന്നവരും രണ്ടുമുതൽ ഒമ്പത് വയസ്സുവരെ പ്രായമുള്ള ആറ് കുട്ടികളുമാണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പനിയൈ തിമൂർ ജില്ലയിലെ ബപൗദ ഗ്രാമത്തിലെ മാർക്കറ്റിൽ തിങ്കളാഴ്ച പുലർച്ചെ 12.25ഓടെയാണ് തീപിടിത്തമുണ്ടായത്. കടകളും വീടുകളും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ തീ അതിവേഗം പടർന്നു. നാൽപ്പതോളം വീടുകളും കടകളും പൂർണമായും കത്തിനശിച്ചു.

വിവരമറിഞ്ഞെത്തിയ പൊലീസും അഗ്നിരക്ഷാ സംഘവും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്നുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ 3.30ഓടെയാണ് തീ നിയന്ത്രിക്കാനായത്. കെട്ടിടങ്ങൾ വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തതും തീയുടെ തീവ്രതയും രക്ഷാപ്രവർത്തനത്തിന് തടസ്സമായിരുന്നു. തീപിടിത്തത്തിൽ മരിച്ചവരു‍ടെ മൃതദേഹങ്ങൾ പനിയൈ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. തീ പടരുന്നതിന് മുമ്പ് ഒരു വീടിന് മുന്നിൽ രണ്ടുപേരെ കണ്ടതായി ദൃക്സാക്ഷി മൊഴിയുണ്ടെന്നും ഇതടക്കം പരിശോധിക്കുകയാണെന്നും പനിയൈ പൊലീസ് മേധാവി റോയ്കെ ബെറ്റൗബുൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button