500 മില്യൺ പൗണ്ടിന്റെ ചെലവുചുരുക്കൽ; കൂട്ട പിരിച്ചുവിടലിനോരുങ്ങി ബിബിസി

ലണ്ടൻ : ലോകത്തിലെ തന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ വിപുലമായ ചെലവുചുരുക്കൽ പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 2,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ബിബിസി തീരുമാനിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ വാർഷിക ബജറ്റിൽ 10 ശതമാനം കുറവ് വരുത്തുക എന്നതാണ് തൊഴിലാളികളെ ഇരയാക്കി ലക്ഷ്യമിടുന്നത്. ഏകദേശം 5,400 കോടി രൂപയുടെ വെട്ടികുറക്കലാണ് വരുത്തുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയാണിത്. നിലവിലുള്ള 21,500 ജീവനക്കാരിൽ പത്തിലൊന്ന് പേർക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കുകൾ. 2027 ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തോടെ വെട്ടിക്കുറയ്ക്കൽ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മുൻ ഗൂഗിൾ എക്സിക്യൂട്ടീവ് ആയ മാറ്റ് ബ്രിട്ടീൻ (Matt Brittin) അടുത്ത മാസം ബിബിസിയുടെ പുതിയ ഡയറക്ടർ ജനറലായി ചുമതലയേൽക്കും. ഇതിന് മുന്നോടിയായാണ് പ്രഖ്യാപനം.
ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ (Netflix, YouTube) വളർച്ചയോടെ പരമ്പരാഗത രീതിയിലുള്ള ലൈസൻസ് ഫീസിൽ നിന്നുള്ള വരുമാനം കുറഞ്ഞതായി ഇടക്കാല ഡയറക്ടർ ജനറൽ റോഡ്രി ടാൽഫൻ ഡേവിസ് (Rhodri Talfan Davies) ജീവനക്കാർക്ക് അയച്ച ഇമെയിലിൽ സൂചിപ്പിച്ചിരുന്നു. ആഗോള സാമ്പത്തിക അസ്ഥിരത കമ്പനിയെ ബാധിച്ചതായും വിശദീകരിച്ചു.
വലിയൊരു നിയമപോരാട്ടവും ബിബിസി നേരിടുന്നുണ്ട്. 2021 ജനുവരി 6-ലെ ക്യാപിറ്റൽ ഹിൽ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ തന്റെ പ്രസംഗം തെറ്റായി എഡിറ്റ് ചെയ്തു എന്ന് കാണിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബിബിസിക്കെതിരെ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ വിവാദത്തെത്തുടർന്ന് മുൻ ഡയറക്ടർ ജനറൽ ടിം ഡേവി, വാർത്താ വിഭാഗം മേധാവി ഡെബോറ ടർനെസ് എന്നിവർ നേരത്തെ രാജിവെച്ചിരുന്നു.
1922-ൽ സ്ഥാപിതമായ ബിബിസി, ‘അറിവ് നൽകുക, വിദ്യാഭ്യാസം നൽകുക, വിനോദിപ്പിക്കുക’ (Inform, Educate, Entertain) എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. സ്ട്രീമിംഗ് യുഗത്തിൽ ബിബിസിയുടെ നിലനിൽപ്പ് സാങ്കേതിക പരിഷ്കരണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ്. ഇതിന് പകരം തൊഴിലാളികളെ ഇരയാക്കിയുള്ള ചെലവ് ചുരുക്കലാണ് ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത്.



