സ്വിയേഖിയിൽ വീണ്ടും സാമൂഹികവിരുദ്ധ പെരുമാറ്റം; യുവാവ് കാറിന്റെ സൈഡ് മിറർ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സ്വിയേഖി (Swieqi) പ്രദേശത്ത് വീണ്ടും സാമൂഹികവിരുദ്ധ പെരുമാറ്റം ചർച്ചയാകുന്നു. ഒരു യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പാർക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് മിറർ തകർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. യുവാവ് കാർ മിറർ അടിച്ച് തകർത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവുമായി സ്വിഖിയിലെ (Swieqi) പ്രദേശവാസികൾ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രകാരം, ഞായറാഴ്ച രാവിലെ 6:15-ഓടെ ത്രിക് ഇൽ-കെഫ (Triq il-Keffa) തെരുവിൽ ഒരു കൂട്ടം യുവാക്കൾ നടന്നുപോകുന്നത് കാണാം. ഇതിനിടയിൽ ഗ്രൂപ്പിലുണ്ടായിരുന്ന ഒരു യുവാവ് പെട്ടെന്ന് നിർത്തിയിട്ടിരുന്ന കാറിന്റെ മിററിലേക്ക് കൈകൊണ്ട് ശക്തിയായി അടിക്കുകയും മിറർ ഒടിഞ്ഞു വീഴുകയുമായിരുന്നു.
മാൾട്ടയിലെ വിനോദസഞ്ചാര സീസൺ സജീവമാകുന്നതോടെ സ്വിഖിയിൽ ഇത്തരം സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങൾ പതിവാണ്. ജൂലൈ മാസത്തിൽ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഗ്ലാസ് ബോട്ടിലുകൾ താഴേക്ക് എറിഞ്ഞ 12 പേർക്ക് പോലീസ് പിഴ ചുമത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ കെട്ടിടം ലൈസൻസ് നിബന്ധനകൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മാൾട്ട ടൂറിസം അതോറിറ്റിയും (MTA) കണ്ടെത്തി.
അധികൃതർ പരിശോധനകൾ കർശനമാക്കിയതോടെ പ്രദേശത്തെ സ്ഥിതിഗതികളിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പ്രദേശവാസി മാൾട്ട ടുഡേയോട് (MaltaToday) പറഞ്ഞു.
അടുത്തിടെ പ്രാബല്യത്തിൽ വരുത്തിയ ‘ഓൺ-ദി-സ്പോട്ട്’ (on-the-spot) പിഴ ശിക്ഷകൾ കുറ്റകൃത്യങ്ങൾ തടയാൻ സഹായകരമാണെന്നും ഇത് കൂടുതൽ കർശനമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഹ്രസ്വകാല വാടക വീടുകളിലെ (short-let accommodations) പരിശോധനകൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിട്ടും സ്വിഖിയിലെ കമ്മ്യൂണിറ്റി പോലീസ് മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്നും എന്നാൽ ഈ മേഖലയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ വിഭവങ്ങളും ആളുകളും ആവശ്യമാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.



