ബിർസെബ്ബുഗ ഗ്രാമോത്സവത്തിലെ വെടിക്കെട്ട് വിലക്ക്; ഒത്തുതീർപ്പിനെ തുടർന്ന് പരിമിത പ്രദർശനത്തിന് അനുമതി

ബിർസെബ്ബുഗ (Birżebbuġa) ഗ്രാമോത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് പ്രദർശനം സമീപത്തെ ഫാംഹൗസിനും കാർഷിക ഭൂമിക്കും നാശനഷ്ടമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് കോടതി ശരിവച്ചു.
എന്നാൽ ശനിയാഴ്ച നടന്ന കോടതി നടപടികൾക്കിടെ പരാതിക്കാരും ബിർസെബ്ബുഗയിലെ രണ്ട് വെടിക്കെട്ട് ക്ലബ്ബുകളും തമ്മിൽ ഇടക്കാല ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാരാന്ത്യത്തിൽ പരിമിതമായ രീതിയിൽ വെടിക്കെട്ട് പ്രദർശനം നടത്താൻ കോടതി അനുമതി നൽകി.
വാരാന്ത്യത്തിൽ വെടിക്കെട്ട് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കോടതി തീരുമാനത്തിനെതിരെ ഉത്സവപ്രേമികൾ ശക്തമായി പ്രതിഷേധിച്ചു. മാൾട്ടയുടെ പരമ്പരാഗത ആഘോഷങ്ങൾക്ക് എതിരായ നടപടിയാണ് ഈ വിലക്കെന്ന് അവർ ആരോപിച്ചു.
ഒത്തുതീർപ്പിന്റെ ഭാഗമായി ഗാഖ്ദ തൻ-നാർ 22 താ’ ഫ്രാർ (Għaqda tan-Nar 22 ta’ Frar), ഗാഖ്ദ മുജിക്കാലി സാൻ പിയെട്രു ഫിൽ-ക്താജ്ജെൻ (Għaqda Mużikali San Pietru Fil-Ktajjen) എന്നീ സംഘടനകൾ ഉത്സവകാലത്ത് ഉപയോഗിക്കുന്ന വെടിക്കെട്ടിന്റെ ഇനവും അളവും കുറയ്ക്കാൻ സമ്മതിച്ചു. ഈ നിബന്ധനകൾ പാലിക്കണമെന്ന വ്യവസ്ഥയിൽ കോടതി വെടിക്കെട്ട് പ്രദർശനത്തിന് അനുമതി നൽകുകയായിരുന്നു. അതേസമയം, ഓഗസ്റ്റ് 3 മുതൽ താൽക്കാലിക വിലക്ക് വീണ്ടും പ്രാബല്യത്തിൽ വരുമെന്നും കോടതി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുമായും ആശയവിനിമയം നടത്തുന്നുണ്ടെന്ന് സാംസ്കാരിക മന്ത്രി മാൽക്ക കൺ പോൾ അജിയുസ് ഗാലിയ (Malcolm Paul Agius Galea) ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മാൾട്ടയുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം പ്രദേശവാസികളുടെ ആശങ്കകളും താൽപ്പര്യങ്ങളും കേൾക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


