യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫിൻലൻഡിൽ ഉപേക്ഷിക്കപ്പെട്ട എണ്ണ ടാങ്കുകളെ താപ ജല സംഭരണിയാക്കി

ഹെൽസിങ്കി : കാർബൺ ന്യൂട്രാലിറ്റിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി ഫിൻലൻഡിലെ ഹെൽസിങ്കി നഗരം ഉപേക്ഷിക്കപ്പെട്ട രണ്ട് ഭൂഗർഭ എണ്ണ ഗുഹകളെ രാജ്യത്തെ ഏറ്റവും വലിയ താപ സംഭരണ കേന്ദ്രമാക്കി മാറ്റി. നഗരത്തിന്‍റെ ഊർജ കമ്പനിയായ ഹെലെന്‍റെ നേതൃത്വത്തിലാണ്പദ്ധതി നടപ്പിലാക്കിയത്.

മുസ്തികമാ എന്ന സ്ഥലത്ത് 80 മീറ്റർ ആഴത്തിലാണ് ജലസംഭരണി ഉള്ളത്. 2,60,000 ക്യുബിക് മീറ്റർ (26 കോടി ലിറ്റർ) ചുടുവെള്ളം കൊള്ളാനുള്ള ശേഷി സംഭരണിക്കുണ്ട്. ഏകദേശം 11,500-11,600 MWh ആണ് ഊർജ ശേഷി. 25,000 വീടുകൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ ചൂട് നൽകാൻ ഇതിലെ ഊർജത്തിന് സാധിക്കും. വർഷം തോറും 21,000 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാൻ ഇത് സഹായിക്കും.

1970കളിൽ നെസ്റ്റെ ഓയിൽ കമ്പനി ഇന്ധന എണ്ണ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഗുഹകളാണ് ചൂടുവെള്ളം സംഭരിക്കുന്ന ബാറ്ററിയായി മാറ്റിയത്. തണുപ്പേറിയ ശീതകാലത്ത് നഗരത്തിലെ ഊർജ ഉപഭോഗം കൂടുമ്പോൾ ഈ സംഭരണിയിൽ നിന്നുള്ള ചൂട് ഉപയോഗിക്കാം. ഇത് വഴി എണ്ണ, ഗ്യാസ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക താപ പ്ലാന്റുകൾ പ്രവർത്തിപ്പിക്കേണ്ട ആവശ്യം ഒഴിവാകുന്നു.

ഇതിന്‍റെ ചാർജിങ്, ഡിസ്ചാർജിങ് ശേഷി 120 MW ആണ്. പൂർണ ശേഷിയിൽ ചാർജ് ചെയ്യാനോ ഡിസ്ചാർജ് ചെയ്യാനോ ഏകദേശം നാല് ദിവസങ്ങൾ എടുക്കും. 2030ഓടെ കാർബൺ രഹിത നഗരമായി മാറാനുള്ള ഫിൻലൻഡിന്‍റെ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button