അന്തർദേശീയം

തീവ്രാനുഭവങ്ങളും ആത്മീയ പ്രതിസന്ധികളും; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തത്

വത്തിക്കാൻ സിറ്റി : സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമ വിവാദങ്ങളുടെ ആഴം തിരിച്ചറിഞ്ഞപ്പോൾ താൻ ‘നരകത്തിന്റെ കവാടങ്ങൾ’ കണ്ടുവെന്നും, ശുശ്രൂഷാകാലയളവിലുടനീളം പിശാചിന്റെ സാന്നിധ്യം നേരിട്ട് അനുഭവിച്ചതായും അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ. വത്തിക്കാൻ ചൊവ്വാഴ്ച പുറത്തുവിട്ട ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പുസ്തകത്തിലാണ് മാർപാപ്പയുടെ ഉള്ളിലെ ഭയങ്ങളും ആത്മീയ സംഘർഷങ്ങളും വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2021-2022 കാലഘട്ടത്തിൽ സർവാധികാരത്തോടെ ഭരിക്കാനുള്ള പ്രലോഭനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയതായും ഡയറി വ്യക്തമാക്കുന്നു. ദൈവത്തിന്റെ കരുണയിൽ പൂർണമായി സമർപ്പിച്ചാണ് അദ്ദേഹം ആ പ്രതിസന്ധിയെ മറികടന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും അടുത്ത സഹായിയും വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ആണ് ഡയറിക്കുറിപ്പുകൾ സമാഹരിച്ച് വ്യാഖ്യാനങ്ങളോടെ പുസ്തകരൂപത്തിലാക്കിയത്. 1992-ൽ ബ്യൂണസ് അയേഴ്സിലെ സഹായമെത്രാനായിരുന്ന കാലം മുതൽ 2024 ആഗസ്റ്റ് 18 വരെയുള്ള കുറിപ്പുകളാണ് തുകൽചട്ടയുള്ള ഡയറിയിലുള്ളത്.

ചിലി സന്ദർശനവും പിശാചിന്റെ ശബ്ദവും

ജീവിതത്തിൽ മൂന്ന് തവണ പിശാചിനെ നേരിട്ട് കണ്ടതായും അനുഭവിച്ചതായും ഫ്രാൻസിസ് മാർപാപ്പ എഴുതിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അർജന്റീനയിലായിരുന്നപ്പോഴും, മൂന്നാമത്തേത് 2018-ലെ വിവാദമായ ചിലി സന്ദർശനത്തിന് ശേഷവുമായിരുന്നു. ‘റോമിൽ തിരിച്ചെത്തിയതിന് ശേഷം ഒരു യോഗത്തിലിരിക്കെ ഞാൻ അവനെ കണ്ടു, എല്ലാം കീഴടക്കിയ വിജയഭാവത്തോടെയുള്ള അവന്റെ ശബ്ദം കേട്ടു. ‘എനിക്ക് വേണ്ടതെല്ലാം ഇപ്പോൾ ലഭിച്ചിരിക്കുന്നു’ എന്നായിരുന്നു അവൻ പറഞ്ഞത്. മുൻപത്തെ രണ്ട് തവണയും അവന്റെ കണ്ണുകൾ എനിക്ക് മറക്കാൻ കഴിയാതിരുന്നത് പോലെ, ഇത്തവണ അവന്റെ പരുക്കൻ ശബ്ദം എനിക്ക് മറക്കാൻ കഴിയില്ല,’ 2021 ജനുവരി 24-ലെ കുറിപ്പിൽ മാർപാപ്പ വ്യക്തമാക്കുന്നു. 2018 ജനുവരിയിൽ ചിലി സന്ദർശിച്ചപ്പോൾ, അവിടുത്തെ കുപ്രസിദ്ധനായ വൈദികന്റെ ലൈംഗികാതിക്രമത്തിന് ഇരയായവരെ അവിശ്വസിച്ച മാർപാപ്പയുടെ നിലപാട് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് അന്വേഷണം നടത്തിയപ്പോഴാണ് ചിലിയിലെ സഭാ നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഇരകളുടെ പക്ഷത്താണ് സത്യമെന്നും അദ്ദേഹം തിരിച്ചറിഞ്ഞത്. 2018 ജൂൺ 7-ന് അദ്ദേഹം എഴുതി: ‘ചിലിയിലെ സംഭവവികാസങ്ങളിൽ ഞാൻ നരകത്തിലേക്കുള്ള പ്രവേശനകവാടം കണ്ടു. ഇത് സഭയ്ക്ക് എത്രത്തോളം നാണക്കേടും തിന്മയുമാണ് വരുത്തിവെച്ചത്!’

2021-2022 കാലഘട്ടത്തിലെ ആത്മീയ പ്രതിസന്ധിയും അധികാര പ്രലോഭനവും

2021 ജനുവരി 24-നാണ് മാർപാപ്പയുടെ ആത്മീയ പ്രതിസന്ധി ആരംഭിച്ചതെന്ന് പുസ്തകം രേഖപ്പെടുത്തുന്നു. കടുത്ത കുടൽ സംബന്ധമായ വേദന അനുഭവിച്ചിരുന്ന അദ്ദേഹത്തിന് 2021 ജൂലൈയിൽ ശസ്ത്രക്രിയയിലൂടെ വൻകുടലിന്റെ 33 സെന്റീമീറ്റർ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2020 സെപ്റ്റംബറിൽ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ ആഞ്ചലോ ബെച്ചുവിനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മാർപാപ്പ പുറത്താക്കിയിരുന്നു. വത്തിക്കാനിലെ അഴിമതിക്കെതിരെ ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ട കാലഘട്ടത്തിൽ, ഭരണപരമായ സമ്മർദ്ദങ്ങളും ഏകാധിപത്യപരമായി തീരുമാനങ്ങളെടുക്കാനുള്ള പ്രലോഭനങ്ങളും അദ്ദേഹത്തെ വേട്ടയാടി. സർവശക്തനെപ്പോലെ പെരുമാറാനും എല്ലാവരുടെയും പ്രശ്നങ്ങൾ തനിക്ക് ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയുമെന്ന് ചിന്തിക്കാനുമുള്ള പ്രലോഭനമായിരുന്നു പിശാച് നൽകിയതെന്ന് കർദ്ദിനാൾ ഫെർണാണ്ടസ് വിശദീകരിക്കുന്നു. 2022 ഡിസംബർ 30-ഓടെ ദൈവത്തിൽ പൂർണമായി ആശ്രയിച്ച് അദ്ദേഹം ഈ പ്രതിസന്ധിയെ അതിജീവിച്ചു.

ലിയോ പതിനാലാമൻ മാർപാപ്പയെക്കുറിച്ചുള്ള പരാമർശവും രഹസ്യ കോഡുകളും

ഡയറിയിലെ ഏറ്റവും രഹസ്യമായ ഭാഗങ്ങൾ ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത പ്രത്യേക കോഡുകളിലാണ് ഫ്രാൻസിസ് മാർപാപ്പ എഴുതിയിരിക്കുന്നത്; അവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, പിൻഗാമിയായ അന്നത്തെ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെക്കുറിച്ച് (നിലവിലെ ലിയോ പതിനാലാമൻ മാർപാപ്പ) ‘മികച്ച ഇടയൻ, ഉദാരമതിയായ മിഷനറി, നിഷ്കളങ്കനായ മനുഷ്യൻ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിൽ 21-ന് അന്തരിക്കുന്നതിന് മുൻപ് ‘ഇതിൽ നിന്ന് നിങ്ങളെല്ലാം കാണും’ എന്ന് പറഞ്ഞാണ് ഫ്രാൻസിസ് മാർപാപ്പ ഈ ഡയറി കർദ്ദിനാൾ ഫെർണാണ്ടസിനെ ഏൽപ്പിച്ചത്. പുതിയ മാർപാപ്പ ലിയോ പതിനാലാമന്റെ പൂർണ പിന്തുണയോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button