അന്തർദേശീയം

1992 ന് ശേഷം നേടുന്ന ഏറ്റവും വലിയ വിജയം; ജനപ്രതിനിധി സഭയിൽ 258 സീറ്റുകൾ ഉറപ്പിച്ച് ഡെമോക്രാറ്റുകൾ

വാഷിങ്ടൺ ഡിസി : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് നി‌ര്‍ണായക ഭൂരിപക്ഷം. 258 സീറ്റുകള്‍ ഉറപ്പിച്ചു. ഇതോടെ 1992 ന് ശേഷം പാര്‍ടി നേടുന്ന ഏറ്റവും വലിയ വിജയമായി. ഞായറാഴ്ച നോര്‍ത്ത് കരോലിനയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ മുതിര്‍ന്ന റിപ്പബ്ലിക്കൻ പ്രതിനിധി വിർജീനിയ ഫോക്സിനെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ചക്ക് ഹബ്ബാർഡ് പരാജയപ്പെടുത്തി. ഇതോടെയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പാര്‍ടി നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പക്കലുണ്ടായിരുന്ന നാൽപ്പതിലധികം സീറ്റുകൾ പിടിച്ചെടുത്തു. ഇതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധിയുടെ അവസാന രണ്ട് വർഷങ്ങളിൽ കോൺഗ്രസിന്റെ പൂർണ്ണ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കൈകളിലായി.

1992-ൽ ബിൽ ക്ലിന്റൺ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡെമോക്രാറ്റുകൾ നേടിയ 258 സീറ്റുകൾക്കുശേഷമുള്ള ഏറ്റവും വലിയ നേട്ടമാണിത്. 2008-ൽ ബരാക് ഒബാമയുടെ വിജയ സമയത്ത് നേടിയ 257 സീറ്റുകളെയും പാർട്ടി ഇത്തവണ മറികടന്നു. ഫ്രാങ്ക്‌ലിൻ ഡി റൂസ്വെൽറ്റിന്റെ കാലത്ത് പാർട്ടിക്ക് ലഭിച്ച 300-ലധികം സീറ്റുകളെന്ന റെക്കോഡ് മാത്രമാണ് ഇപ്പോൾ ഭേദിക്കാതെ നിലനിൽക്കുന്നത്. 435 അംഗ ജനപ്രതിനിധിസഭയിൽ 173 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉറപ്പായിട്ടുള്ളത്.

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മിനസോട്ട,ടെന്നസി,ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിൽ ഇപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.

ഡെമോക്രാറ്റ് വിഭാഗത്തിന്റെ അടുത്ത സ്പീക്കറായി പാർട്ടി നാമനിർദ്ദേശം ചെയ്തിട്ടുള്ള ജനപ്രതിനിധി സഭയിലെ ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസും പുരോഗമനവാദികളായ മറ്റ് നിയമസഭാംഗങ്ങളും ഈ വിജയത്തെ സ്വാഗതം ചെയ്തു. “മാറ്റത്തിനായുള്ള ജനവിധി” എന്നാണ് അവർ ഈ മുന്നേറ്റത്തെ വിശേഷിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button