അന്തർദേശീയം

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ലിബറൽ പാര്‍ടി നേതാവായി ഇന്ത്യൻ വംശജനായ നവ്ദീപ് ബെയ്ൻസ് തെരഞ്ഞെടുക്കപ്പെട്ടു

ടൊറന്റോ : കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ലിബറൽ പാര്‍ടി നേതാവായി ഇന്ത്യൻ വംശജനായ നവ്ദീപ് ബെയ്ൻസ് തെരഞ്ഞെടുക്കപ്പെട്ടു. 50.3 ശതമാനം വോട്ടുകൾ നേടിയാണ് 49-കാരനായ ബെയ്ൻസ് തെരഞ്ഞെടുക്കപ്പെട്ടത്.

2018-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ പ്രീമിയർ കാത്‌ലീൻ വിൻ സ്ഥാനമൊഴിഞ്ഞതു മുതൽ പ്രവിശ്യയിൽ ലിബറൽ പാർട്ടിക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. അന്നുമുതൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയാണ് ഒന്റാറിയോ ഭരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ ബോണി ക്രോംബി കൂടി രാജിവച്ചതോടെ പാർട്ടിക്ക് സ്ഥിരം നേതാവില്ലാത്ത അവസ്ഥയായിരുന്നു. 2018-ന് ശേഷം ഒന്റാറിയോ ലിബറൽ പാർട്ടിയുടെ തലപ്പത്തെത്തുന്ന മൂന്നാമത്തെ നേതാവാണ് ബെയ്ൻസ്.

“ഇതൊരു നേതൃമത്സരത്തിന്റെ അവസാനമായിരിക്കാം, എന്നാൽ ഡഗ് ഫോർഡിനെയും പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയെയും ഒന്റാറിയോയുടെ ഭരണത്തിൽ നിന്ന് മാറ്റാനുള്ള ഞങ്ങളുടെ പ്രചാരണത്തിന്റെ തുടക്കം മാത്രമാണിത്,” വിജയത്തിന് ശേഷം ബെയ്ൻസ് മാധ്യമങ്ങളോട് പറഞ്ഞു.

മുൻ മന്ത്രികൂടിയായ ഇദ്ദേഹം നിലവിൽ പ്രവിശ്യാ നിയമസഭയിൽ അംഗമല്ല. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി. ഇതിന് പുറമെ 2030-ൽ നടന്നേക്കാവുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രവിശ്യാ ലിബറൽ പാർട്ടിയെ നയിക്കുകയെന്ന ദൗത്യമാണ് ഇനി ബെയ്ൻസിനുള്ളത്.

രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് 50 വർഷം മുമ്പ് ഒന്റാറിയോയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനാണ്. പിതാവ് കാബിനറ്റ് നിർമ്മാണ തൊഴിലാളിയായും മാതാവ് ഫാക്ടറിയിൽ രാത്രി ഷിഫ്റ്റിലും ജോലി ചെയ്താണ് കുടുംബം പുലർത്തിയതെന്ന് വിജയത്തിന് ശേഷം പ്രവ‌‌‌‌ര്‍ത്തകരോട് വെളിപ്പെടുത്തി . തന്റെ പ്രദേശമായ മിസ്സിസാഗയിൽ ജനങ്ങള്‍ ഇപ്പോഴും ഭക്ഷണത്തിന് ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഫോർഡ് മോട്ടോർ കമ്പനിയിൽ സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റായി പ്രവർത്തിച്ചിരുന്ന ബെയ്ൻസ്, 2021-ൽ ഫെഡറൽ പാർലമെന്റ് വിട്ട ശേഷം സ്വകാര്യ മേഖലയിൽ എക്സിക്യൂട്ടീവായി പ്രവർത്തിക്കുകയായിരുന്നു. മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അടുത്ത അനുയായിയായ അദ്ദേഹം, ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ കാലം ഫെഡറൽ ഇന്നൊവേഷൻ, സയൻസ് ആൻഡ് ഇക്കണോമിക് ഡെവലപ്‌മെന്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച ചരിത്രമള്ള നേതാവുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button