ഓസ്ട്രേലിയയിൽ ഇന്ത്യൻ കുടുംബത്തിനു നേരെ മുട്ടയേറ്; വിഡിയോ പങ്കുവച്ച് യുവതി

സിഡ്‌നി : ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കുടുംബത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് സിഡ്‌നിയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി. റോഡരികിലെ ഫുഡ് ട്രക്കിനു സമീപം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യൻ കുടുംബത്തിനു നേരെ, അതുവഴി കടന്നുപോയ വാഹനത്തിൽ നിന്ന് മുട്ടകൾ വലിച്ചെറിയുകയായിരുന്നു. അഞ്ജലി ശർമ്മ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ സംഭവം പുറംലോകത്തെ അറിയിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് താൻ ഈ ദാരുണമായ സംഭവത്തിനു സാക്ഷിയായതെന്ന് അവർ വിഡിയോയിൽ പറയുന്നു. മുതിർന്നവർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഫുഡ് ട്രക്കിനു സമീപം ഇരുന്ന് സന്തോഷത്തോടെ സമയം ചെലവഴിക്കുകയായിരുന്നു.
ഇതിനിടെ വാഹനത്തിൽ എത്തിയ സംഘം കുടുംബത്തിനു നേരെ മുട്ടകൾ എറിയുകയായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്. ‘‘ഇതിനെ വംശീയത എന്നോ ഇന്ത്യക്കാരോടുള്ള വിദ്വേഷം എന്നോ എന്ത് വേണമെങ്കിലും വിളിക്കാം, എനിക്ക് വല്ലാത്ത വിഷമം തോന്നി’’ – അഞ്ജലി വിഡിയോയിൽ പറഞ്ഞു.
കുടുംബം ആരെയും ശല്യപ്പെടുത്താതെ അവരുടെ കാര്യം നോക്കി ഇരിക്കുകയായിരുന്നുവെന്നും, സംഭവത്തിൽ പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും അഞ്ജലി പറയുന്നു. ‘ആരും ഇത്തരത്തിൽ പെരുമാറ്റം അർഹിക്കുന്നില്ല, പരസ്പര ബഹുമാനം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്’ എന്ന കുറിപ്പും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോ വിദേശത്തുള്ള ഇന്ത്യക്കാർ നേരിടുന്ന വിദ്വേഷത്തെയും കുടിയേറ്റത്തെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി വംശീയ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
https://www.instagram.com/reel/Df9v9pFMaPr/?utm_source=ig_web_button_share_sheet



