യുഎസുമായി നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ മാത്രം ഒരു കരാറിലെത്താനില്ല : ഇറാൻ

തെഹ്റാൻ : അമേരിക്കയുമായി സമാധാന കരാര്‍ ചര്‍ച്ച ചെയ്യില്ലെന്ന് വ്യക്തമാക്കി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി . യുഎസുമായി മധ്യസ്ഥ കരാര്‍ നടന്നിരുന്നെന്നും അരാഗ്ചി പറഞ്ഞു. യുഎസുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ഇറാന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ മാത്രം ഒരു കരാറിലെത്താനില്ലെന്നാണ് ഇറാന്റെ നിലപാട്. ഏത് കരാറായാലും അത് യുദ്ധം അവസാനിപ്പിക്കാനകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്ത് നിന്ന് മാറ്റാനാകില്ലെന്നും അരാഗ്ചി പറഞ്ഞു. അമേരിക്കന്‍ നിര്‍ദ്ദേശം തള്ളിയായിരുന്നു ഇറാന്റെ പ്രതികരണം. ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഹോര്‍മൂസ് തുറക്കാമെന്നും അരാഗ്ചി പറഞ്ഞു. അതിനിടെ ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം വര്‍ധിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്മെന്റും വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ റിയാദിലേക്ക് വീണ്ടും ഹൂതി ആക്രമണം ശക്തമാക്കി. മൂന്ന് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. ഹൂതി ആക്രമണത്തെ തുടര്‍ന്ന് റിയാദില്‍ എമര്‍ജന്‍സി അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. സൗദിയുടെ പവര്‍ സ്റ്റേഷനുകളെയും തുറമുഖങ്ങളെയും ലക്ഷ്യവെച്ചായിരുന്നു ആക്രമണം. ജിദ്ദയെയും ഹൂതികള്‍ ലക്ഷ്യം വെച്ചതായി സൗദി അറേബ്യ വ്യക്തമാക്കി. ജിദ്ദയില്‍ ഉള്‍പ്പെടെ ആക്രമണം നടത്തുമെന്ന് ഹൂതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സാമ്പത്തിക മേഖലയിലുള്ള കെട്ടിടത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സൗദി അറേബ്യ അറിയിച്ചിരുന്നു. ഹൂതികൾ തൊടുത്തുവിട്ട മിസൈലുകൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും അധികൃതർ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയുടെ പരമാധികാര സമ്പത്തികനിധിയായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (PIF) ആസ്ഥാനമായ കെട്ടിടത്തിനാണ് കേടുപാടുകൾ സംഭവിച്ചത്. റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കൂടിയാണിത്.



