അന്തർദേശീയം

ഓഹരി വിപണിയിൽ അരങ്ങേറിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ പൊതു കമ്പനികളിലൊന്നായി മാറി ആന്ത്രോപിക്

വാഷിങ്ടൺ ഡിസി : ഓഹരി വിപണിയിൽ അരങ്ങേറിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ പൊതു കമ്പനികളിലൊന്നായി മാറി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനിയായ ആന്ത്രോപിക് . കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1.76 ട്രില്യൺ ഡോളറിലെത്തി. നാസ്ഡാക് ഓഹരി വിപണിയിൽ വ്യാഴാഴ്ച നടന്ന കമ്പനിയുടെ അരങ്ങേറ്റം എഐ വ്യവസായത്തെ സംബന്ധിച്ച് നിർണായക പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. എഐ സാങ്കേതികവിദ്യയുടെ വികസനത്തിനായി വൻതോതിൽ പണം നിക്ഷേപിക്കപ്പെടുന്ന സാഹചര്യത്തിലാണ് ആന്ത്രോപിക്കിന്റെ ഓഹരി വിപണിയിലെ പ്രവേശനം ശ്രദ്ധേയമാകുന്നത്. ഓഹരിവിലയിൽ ഏകദേശം 17 ശതമാനം വർധനയുണ്ടായതിനാൽ ആന്ത്രോപിക്കിന്റെ ഓഹരി വിപണിയിലെ അരങ്ങേറ്റം വിജയകരമായിരുന്നുവെന്നാണ് ചില നിക്ഷേപകരുടെ വിലയിരുത്തൽ.

ഓഹരിക്ക് നിശ്ചയിച്ചിരുന്ന 83 ഡോളർ എന്ന പ്രാരംഭ വില മറികടന്ന് ആന്ത്രോപിക്കിന്റെ ഓഹരികൾ കുതിച്ചുയർന്നു. എഐ മേഖലയിലുള്ള നിക്ഷേപകരുടെ താൽപര്യവും പ്രതീക്ഷയും എത്രത്തോളമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്ലോഡ് (Claude) എന്ന എഐ ചാറ്റ്ബോട്ടിൻ്റെ നിർമ്മാതാക്കളാണ് ആന്ത്രോപിക്. എഐയുടെ ഭാവിയെക്കുറിച്ച് നിക്ഷേപകർക്ക് ഇപ്പോഴും വ്യക്തമായ ധാരണയില്ലെന്നാണ് ആന്ത്രോപിക്കിന്റെ ഓഹരിവിലയിലെ ചാഞ്ചാട്ടം സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വ്യാപാരം ആരംഭിച്ച ഉടൻ ഓഹരിവില 111.50 ഡോളറിലേക്ക് ഉയർന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം രണ്ട് ട്രില്യൺ ഡോളറിനടുത്തെത്തി. എന്നാൽ വ്യാപാരദിനത്തിന്റെ അവസാനത്തോടെ വില 97 ഡോളറായി താഴ്ന്നു സാങ്കേതികവിദ്യാ കമ്പനികളുടെ ഓഹരികൾക്ക് കൂടുതൽ പ്രാധാന്യമുള്ള നാസ്ഡാക് കോമ്പോസിറ്റ് സൂചിക വ്യാപാരദിനത്തിന്റെ അവസാനത്തിൽ ഏകദേശം 2.3 ശതമാനം ഇടിഞ്ഞു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികൾ മൂന്ന് ശതമാനവും ആമസോണിന്റെ ഓഹരികൾ 3.9 ശതമാനവും താഴ്ന്നു.

വെറും അഞ്ച് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ആന്ത്രോപിക്കിന്റെ ഈ മേഖലയിലെ വളർച്ച അതിവേ​ഗമാണ് സംഭവിച്ചത്. ജനപ്രിയ എഐ ചാറ്റ്ബോട്ടായ ക്ലോഡിന്റെ നിർമാതാക്കളെന്ന നിലയിലാണ് കമ്പനി പ്രധാനമായും അറിയപ്പെടുന്നത്. ഓഹരി വിപണിയിൽ പ്രവേശിച്ച, പൂർണമായും എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആദ്യ കമ്പനിയാണ് ആന്ത്രോപിക്ക്. ഇവരുടെ ഓഹരിവിലയിൽ വരും ദിവസങ്ങളിലും വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ വർഷം ആദ്യം സ്പേസ് എക്സിന്റെ ഓഹരി വിപണിയിലെ അരങ്ങേറ്റത്തിലുണ്ടായ സംഭവവികാസങ്ങളും ഇതിനൊപ്പം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സിന്റെ ഓഹരികൾ വ്യാപാരം ആരംഭിച്ച ആദ്യദിവസം ഏകദേശം 10 ശതമാനം ഉയർന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം റെക്കോർഡ് നിലവാരമായ 2.2 ട്രില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ ഓഹരിവില പ്രാരംഭ വിലയേക്കാൾ താഴെയായി. അതിനുശേഷവും ഓഹരിവിലയിൽ കൂടുതൽ ഇടിവുണ്ടായി. ഓഹരി വിപണിയിൽ പ്രവേശിക്കുന്നതിനു പിന്നാലെ പല സാങ്കേതികവിദ്യാ കമ്പനികളുടെയും ഓഹരിവില താഴുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഓഹരി വിപണിയിൽ പ്രവേശിച്ചതിനുശേഷം ആദ്യമായി ത്രൈമാസ സാമ്പത്തിക ഫലങ്ങൾ പുറത്തുവിടുന്ന ഘട്ടത്തിൽ ഇത്തരം ഇടിവുകൾ ഉണ്ടാകാറുണ്ടെന്നാണ് ഈ മേഖലയിലെ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button