അന്തർദേശീയം

വേഡ് ഓഫ് ദ് ഇയര്‍ ആയി ‘ഹ്യൂമന്‍’ തെരഞ്ഞെടുത്ത് കേംബ്രിജ് നിഘണ്ടു

ലണ്ടന്‍ : നിര്‍മിതബുദ്ധി (എഐ) മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന കാലത്ത്, 2026ലെ വാക്കായി ‘ഹ്യൂമന്‍’ (Human) തെരഞ്ഞെടുത്ത് കേംബ്രിജ് നിഘണ്ടു. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം കുറയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും എഐയെ ആശ്രയിക്കുന്നതിലൂടെ മനുഷ്യന് നഷ്ടമായേക്കാവുന്ന കഴിവുകളെക്കുറിച്ചുള്ള ആശങ്കകളുമാണ് ഈ തെരഞ്ഞെടുപ്പിന് പിന്നില്‍.

പതിനഞ്ചാം നൂറ്റാണ്ടിലേക്ക് വരെ വേരുകളുള്ള വാക്കാണ് ‘ഹ്യൂമന്‍’. ലാറ്റിന്‍ ഭാഷയിലെ ‘ഹ്യൂമാനസ്’ (Humanus) എന്ന വാക്കില്‍ നിന്നാണ് ഇത് രൂപംകൊണ്ടത്. 1450കള്‍ മുതല്‍ ഈ വാക്ക് ഉപയോഗത്തിലുണ്ട്. ദൈവം, മൃഗങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയില്‍നിന്ന് വ്യത്യസ്തമായി മനുഷ്യര്‍ക്കുള്ള ഗുണങ്ങളും കുറവുകളും വികാരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ‘ഹ്യൂമന്‍’ എന്ന വാക്കിന്റെ അര്‍ഥമെന്ന് കേംബ്രിജ് നിഘണ്ടു നിര്‍വചിക്കുന്നു.

എഐ മനുഷ്യര്‍ എങ്ങനെ മനുഷ്യരാണെന്ന് സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു എന്നതിനെപ്പോലും മാറ്റുന്നുണ്ടെന്ന് കേംബ്രിജ് നിഘണ്ടുവിലെ ലെക്‌സിക്കോഗ്രാഫറായ കോളിന്‍ മക്കിന്റോഷ് പറഞ്ഞു. സ്വന്തം ചിന്താശേഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എഐക്ക് വിട്ടുനല്‍കുമ്പോള്‍ മനുഷ്യര്‍ക്ക് എന്തൊക്കെ നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമാണ്. ഗണിതശാസ്ത്ര വിദഗ്ധര്‍ മുതല്‍ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ വരെ എഐയെ എത്രത്തോളം ആശ്രയിക്കണമെന്ന കാര്യത്തില്‍ പുനര്‍ചിന്തനം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി പുതിയ വാക്കുകളോ, പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയ ‘സ്ലാങ്’ വാക്കുകളോ അല്ലെങ്കില്‍ പുതിയ അര്‍ഥം കൈവരിച്ച പഴയ വാക്കുകളോ ആണ് നിഘണ്ടുക്കള്‍ വര്‍ഷത്തിലെ വാക്കായി തെരഞ്ഞെടുക്കാറുള്ളത്. സമീപ വര്‍ഷങ്ങളിലെ വാക്കുകളുടെ തെരഞ്ഞെടുപ്പിലും നിര്‍മിതബുദ്ധിയുടെ സ്വാധീനം പ്രകടമാണ്.

2023ല്‍ കോളിന്‍സ് നിഘണ്ടു ‘എഐ’ (AI) എന്ന വാക്കാണ് തെരഞ്ഞെടുത്തത്. അതേ വര്‍ഷം കേംബ്രിജ് നിഘണ്ടു ‘ഹാലൂസിനേറ്റ്’ (Hallucinate) എന്ന വാക്കിനാണ് പ്രാധാന്യം നല്‍കിയത്. എഐ തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണതയെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചത്. 2025ല്‍ എഐ സൃഷ്ടിക്കുന്ന നിലവാരം കുറഞ്ഞ ഉള്ളടക്കത്തെ സൂചിപ്പിക്കുന്ന ‘സ്ലോപ്പ്’ (Slop) എന്ന വാക്കാണ് മെറിയം-വെബ്സ്റ്റര്‍ തിരഞ്ഞെടുത്തത്. എഐയുടെ സഹായത്തോടെ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്ന രീതിയെ സൂചിപ്പിക്കുന്ന ‘വൈബ് കോഡിങ്’ (Vibe Coding) ആയിരുന്നു കോളിന്‍സ് നിഘണ്ടുവിന്റെ 2025ലെ തെരഞ്ഞെടുപ്പ്.

കേംബ്രിജ് നിഘണ്ടുവിന്റെ തീരുമാനത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും പ്രതികരിച്ചു. മനുഷ്യനായിരിക്കുക എന്നതിന്റെ അര്‍ഥത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ എഐ നമ്മെ പ്രേരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവിതം എത്രത്തോളം മെച്ചപ്പെടുത്താന്‍ എഐക്ക് കഴിയുന്നു എന്നതായിരിക്കണം അതിന്റെ വിജയത്തിന്റെ അളവുകോലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026ലെ വാക്കായി പരിഗണിച്ച മറ്റ് വാക്കുകളില്‍ ‘ഏജന്റ്’ (Agent), ‘അനലോഗ്’ (Analogue) എന്നിവയും ഉള്‍പ്പെട്ടിരുന്നു. മനുഷ്യന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന എഐ സംവിധാനങ്ങളെയാണ് ‘ഏജന്റ്’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റോ ഡിജിറ്റല്‍ സാങ്കേതികവിദ്യകളോ ഉള്‍പ്പെടാത്ത അനുഭവങ്ങളെയും വസ്തുക്കളെയുമാണ് ‘അനലോഗ്’ എന്ന വാക്ക് സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button