അന്തർദേശീയം

വിദ്യാഭ്യാസ യോഗ്യതാ വിവാദം; ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ഗിബ്രാൻ രാജിവെച്ചു

ജക്കാർത്ത : വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം ശക്തമായതോടെ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ഗിബ്രാൻ റാകബുമിങ് റാക്ക രാജിവെച്ചു. മുൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ മകനായ ഗിബ്രാന്റെ വിദേശ വിദ്യാഭ്യാസ രേഖകൾ തെരഞ്ഞെടുപ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കോടതികൾ കണ്ടെത്തിയതിന് പിന്നാലെയാണ് രാജി. വ്യാഴാഴ്ച പ്രസിഡന്റ് പ്രബോവോ സുബിയാന്തോക്കും പാർലമെന്റിനും രാജി സമർപ്പിച്ചതായി പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി സ്പീക്കർ അറിയിച്ചു.

അഞ്ചുവർഷത്തെ കാലാവധിയിൽ രണ്ടുവർഷം പൂർത്തിയാക്കിയ ശേഷമാണ് 39കാരനായ ഗിബ്രാൻ സ്ഥാനമൊഴിയുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യോഗ്യത ചോദ്യം ചെയ്തുള്ള നിയമനടപടികൾ ശക്തമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെന്ന ആരോപണവും ഗിബ്രാനെതിരെ ഉയർന്നിരുന്നു.

കഴിഞ്ഞ മാസം ഭരണഘടനാ കോടതിയും സുപ്രീം കോടതിയും ഗിബ്രാൻ വിദേശത്ത് വിദ്യാഭ്യാസം നേടിയതുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രീയ സമ്മർദവും വർധിച്ചു.

ചൊവ്വാഴ്ച പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഗിബ്രാൻ രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. നീണ്ടുനിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കാനാണ് തീരുമാനമെന്നായിരുന്നു വിശദീകരണം. എന്നാൽ, ആരോപണങ്ങളെ പ്രതിരോധിക്കാനാണ് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്ന് മന്ത്രിസഭയിലെ ഒരു അംഗം വ്യക്തമാക്കിയിരുന്നു.

ഗിബ്രാനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനുള്ള നീക്കവും നടന്നിരുന്നു. എട്ട് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 120 എം.പിമാർ ബുധനാഴ്ച ജനപ്രതിനിധി സഭാ നേതൃത്വത്തിന് ഹരജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം.

ഇന്തോനേഷ്യൻ നിയമപ്രകാരം വൈസ് പ്രസിഡന്റ് രാജിവെച്ചാൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. പ്രസിഡന്റ് നിർദേശിക്കുന്ന രണ്ട് സ്ഥാനാർഥികളിൽ ഒരാളെ 60 ദിവസത്തിനുള്ളിൽ പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കും.

അതേസമയം, രാജ്യത്ത് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ഗിബ്രാന്റെ രാജി. സാമ്പത്തിക പ്രതിസന്ധി, അഴിമതി, സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾ, കാട്ടുതീ നിയന്ത്രിക്കുന്നതിലെ വീഴ്ചകൾ എന്നിവക്കെതിരെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. മാസങ്ങളായി തുടരുന്ന കാട്ടുതീയിൽ നിന്നുള്ള വിഷപ്പുക നിരവധി പേരെ രോഗികളാക്കിയതും പ്രതിഷേധം ശക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button