യുഎഇയില്‍ 20 അംഗ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയില്‍

അബുദാബി : യുഎഇയില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയില്‍. രണ്ട് ലക്ഷം കാപ്റ്റഗണ്‍ ഗുളികകളും 30 കിലോയിലധികം മറ്റ് നിരോധിത ലഹരിമരുന്നുകളും സുരക്ഷാ സേന പിടിച്ചെടുത്തു. യുഎഇ നാഷണല്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അതോറിറ്റിയും റാസല്‍ഖൈമ പൊലീസും ഇറാഖി ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റും ചേര്‍ന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്റെ സഹകരണത്തോടെയാണ് സംയുക്ത ഓപ്പറേഷന്‍ നടത്തിയത്.
ജിസിസി, അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 20 അംഗ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലയെയാണ് സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. കാപ്റ്റഗണ്‍ ഗുളികകള്‍ക്ക് പുറമെ കൊക്കെയ്ന്‍, ക്രിസ്റ്റല്‍ മെത്ത്, കഞ്ചാവ്, ഹാഷിഷ്, സ്പൈസ് തുടങ്ങിയ വിവിധ തരത്തിലുള്ള ലഹരിവസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. റാസല്‍ഖൈമയിലെ അതിര്‍ത്തി പ്രദേശം വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തി യുഎഇയില്‍ ഉടനീളം വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതി.
യുഎഇ, ഇറാഖ് സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ കൈമാറിയ നിര്‍ണായക രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമഗ്രമായ സുരക്ഷാ പദ്ധതിയിലൂടെ അതിര്‍ത്തിയില്‍ വെച്ച് ലഹരിക്കടത്ത് തടയുകയും ഒരു വിഭാഗം പ്രതികളെ കൈയോടെ പിടികൂടുകയുമായിരുന്നു. സംഘവുമായി ബന്ധമുള്ളവരെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.



