അന്തർദേശീയം

ക്രിപ്‌റ്റോ കറൻസി വിപണിയെ നടുക്കി ബൈനാൻസിൽ 630 കോടി ഡോളറിൻറെ വൻ ഹാക്കിംഗ്

ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബൈനാൻസിന് (Binance) നേരെ സൈബർ ആക്രമണം. സുരക്ഷാ വീഴ്ചയെ തുടർന്ന് തങ്ങളുടെ പ്ലാറ്റ്ഫോമിലെ എല്ലാത്തരം നിക്ഷേപങ്ങളും പിൻവലിക്കലുകളും താൽക്കാലികമായി നിർത്തിവെച്ചു. ഏകദേശം 14,000 കോടി ഡോളറിന്റെ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചാണ് ബൈനാൻസ്. ഹാക്കിങ്ങിനെ തുടർന്ന് ബൈനാൻസിലുണ്ടായ മൊത്തം സാമ്പത്തിക നഷ്ടം 100 കോടി ഡോളറിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് സ്ഥാപകൻ ചാങ്‌പെങ് ഷാവോ മുന്നറിയിപ്പ് നൽകി. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ക്രിപ്‌റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കിങ്ങാണ് നടന്നിരിക്കുന്നത്. 630 ബില്യൺ ഡോളർ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സുരക്ഷാ പരിശോധനകൾ നടത്താനും, ഫണ്ടുകൾ മരവിപ്പിക്കാനും അന്വേഷണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കാനുമാണ് ഇടപാടുകൾ നിർത്തിവെച്ചതെന്ന് ബൈനാൻസ് വ്യക്തമാക്കി. നിലവിൽ 300 കോടി ഡോളറോളം തുക മരവിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. തട്ടിപ്പിന് പിന്നാലെ ടെതർ (Tether) കമ്പനി തങ്ങളുടെ 154.7 കോടി ഡോളറിന്റെ ടോക്കണുകൾ മരവിപ്പിച്ചു. കൂടാതെ രണ്ടാമത്തെ വലിയ സ്റ്റേബിൾകോയിൻ കമ്പനിയായ സർക്കിൾ (Circle) 80 കോടി ഡോളറിന്റെ കോയിനുകളും മരവിപ്പിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ ഫണ്ടുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ബൈനാൻസ് എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. സുരക്ഷാ പരിശോധനകൾ തുടരുകയാണെന്നും, ഉപയോക്താക്കൾക്കുണ്ടായ എല്ലാ സാമ്പത്തിക നഷ്ടങ്ങളും ബൈനാൻസ് പൂർണ്ണമായും നികത്തുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. ഹാക്കിംഗ് വാർത്ത പുറത്തുവന്നതോടെ മുൻനിര ക്രിപ്‌റ്റോ നാണയങ്ങളുടെ മൂല്യത്തിൽ ഇടിവുണ്ടായി. പ്രമുഖ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം 3.2 ശതമാനം ഇടിഞ്ഞ് 78,623 ഡോളർ എന്ന നിലയിലെത്തി. ബൈനാൻസിന്റെ സ്വന്തം ക്രിപ്‌റ്റോ ടോക്കണായ ബി.എൻ.ബി 7.5 ശതമാനം ഇടിഞ്ഞു.

സമീപകാലത്തായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഏപ്രിലിൽ സൊലാന ബ്ലോക്ക്ചെയിനിലെ ‘ഡ്രിഫ്റ്റ്’ (Drift) എക്‌സ്‌ചേഞ്ചിൽ നിന്ന് 28 കോടി ഡോളർ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ വർഷം വടക്കൻ കൊറിയൻ ഹാക്കർമാർ ‘ബൈബിറ്റ്’ (Bybit) എക്‌സ്‌ചേഞ്ചിൽ നിന്ന് 150 കോടി ഡോളർ തട്ടിയെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു. ബൈനാൻസിലെ ആക്രമണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റും (Polymarket) തേർഡ് പാർട്ടി സേവനദാതാവിലെ തകരാർ കാരണം പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

ബൈനാൻസിൽ ഹാക്ക് ചെയ്യപ്പെട്ടത് ഒരു ലാപ്‌ടോപ്പ്

ബൈനാൻസിൽ (Binance) നടന്ന ഹാക്കിങ്ങിന് കാരണം സ്ഥാപനത്തിലെ എൻജീനിയറുടെ സുരക്ഷിതമല്ലാത്ത ലാപ്‌ടോപ്പാണെന്ന് റിപ്പോർട്ട്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിന്റെയും ഐടി ഓപറേഷന്റെയും ചുമതലകളുള്ള ( ഡെവോപ്‌സ്- DevOps) എൻജിനീയറുടെ ഹാക്ക് ചെയ്യപ്പെട്ട ലാപ്‌ടോപ്പിലൂടെയാണ് ബൈനാൻസിന് നേരെ സൈബറാക്രമണം നടന്നത്. ഹാക്കിങ്ങിലൂടെ സ്ഥാപനത്തിനുണ്ടായ നഷ്ടം 630 കോടി ഡോളറോളം വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഹാക്ക് ചെയ്യപ്പെട്ട ലാപ്ടോപ്പ് വഴി അക്രമികൾക്ക് കമ്പനിയുടെ സർവീസ് കണ്ടെയ്നറിലേക്ക് പ്രവേശനം ലഭിക്കുകയും, അത് ഉപയോഗിച്ച് അനുമതി ഇല്ലാതെ പണം പിൻവലിക്കുകയായിരുന്നു എന്നാണ് വിവരങ്ങൾ. ക്രിപ്‌റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈബർ മോഷണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2025 ഫെബ്രുവരിയിൽ ‘ബൈബിറ്റ്’ (Bybit) എക്‌സ്‌ചേഞ്ചിൽ നിന്ന് 150 കോടി ഡോളർ കവർന്നതും സമാനമായ രീതിയിലായിരുന്നു.

നഷ്ടപ്പെട്ട 630 കോടി ഡോളറിൽ 300 കോടി ഡോളറിന്റെ ക്രിപ്‌റ്റോ ആസ്തികൾ മരവിപ്പിച്ചതായി ബൈനാൻസ് വ്യക്തമാക്കുന്നു. ബാക്കി 330 കോടി ഡോളറോളമാണ് നിലവിൽ തിരികെ പിടിക്കാനുള്ളത്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബൈനാൻസ് താൽക്കാലികമായി നിക്ഷേപങ്ങളും പിൻവലിക്കലുകളും നിർത്തിവെച്ചിരിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ഏജൻസികളുമായും ബ്ലോക്ക്ചെയിൻ ഇന്റലിജൻസ് പങ്കാളികളുമായും കമ്പനി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്ന് ബൈനാൻസ് വ്യക്തമാക്കി. ഹാക്കിങ്ങിനെ തുടർന്ന് വാലറ്റുകളുടെ പ്രൈവറ്റ് കീ ചോർന്നതായി തെളിവുകളൊന്നുമില്ലെന്നും ബൈനാൻസ് വ്യക്തമാക്കി. നഷ്ടം നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button