നോര്‍ക്ക കെയര്‍ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് : 2026-27 വര്‍ഷത്തേയ്ക്കുളള ഇന്‍ഷുറന്‍സ് പുതുക്കാനും പുതിയ എന്റോള്‍മെന്റിനും 2026 നവംബര്‍ 30 വരെ അവസരം

തിരുവനന്തപുരം : പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയുടെ 2026-27 വര്‍ഷത്തേയ്ക്കുളള എൻറോൾമെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു. നിലവില്‍ അംഗങ്ങളായിട്ടുളളവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാനും പുതിയ എന്റോള്‍മെന്റിനും 2026 നവംബര്‍ 30 വരെ അവസരമുണ്ട്. പ്രവാസി കേരളീയര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓണ്‍ലൈനായി പദ്ധതിയില്‍ അംഗത്വം നേടാനും സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും സൗകര്യമൊരുക്കുന്നതാണ് വെബ്ബ് പോര്‍ട്ടലും പരിഷ്കരിച്ച മൊബൈല്‍ ആപ്ലിക്കേഷനും.
മുന്‍പുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയ്ക്കു പകരം 3 ലക്ഷം, 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി എന്നിങ്ങനെ എട്ടു വ്യത്യസ്ത സ്ലാബുകളില്‍ നോര്‍ക്ക കെയര്‍ പരിരക്ഷ ലഭിക്കും. മൂന്നു ലക്ഷം രൂപ മുതലുളള പോളിസികളില്‍ പ്രവാസിയുടേയും പങ്കാളിയുടേയും മാതാപിതാക്കളേയും (110 വയസ്സുവരെ) ഉള്‍പ്പെടുത്താനാകും. നിലവിലുളള രോഗങ്ങള്‍ക്ക് ആദ്യദിനം മുതല്‍ പരിരക്ഷ (ഇന്ത്യയ്ക്കുള്ളില്‍ മാത്രം) ലഭിക്കുമെന്നും പ്രത്യേകതയാണ്.
നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐ.ഡി കാര്‍ഡുളള 18 നും 70 നും ഇടയില്‍ പ്രായമുളള പ്രവാസികള്‍ക്കാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യാനാകുക. പോളിസി ഉടമയുടെ പ്രായത്തിന് ആനുപാതികമായിട്ടാണ് പ്രീമിയം തുക കണക്കാക്കുന്നത്. ഓണ്‍ലൈന്‍ എന്റോള്‍മെന്റ്, ഇ-കാര്‍ഡ് ഡൗണ്‍ലോഡ്, പേയ്മെന്റ് രസീത് ലഭ്യമാക്കല്‍, റീഇംബേഴ്സ്മെന്റ് ക്ലെയിം ഫോമുകള്‍, ക്യാഷ്ലെസ് ആശുപത്രികളുടെ പട്ടിക, ക്ലെയിമുകളുടെ തല്‍സ്ഥിതി പരിശോധിക്കല്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ പുതുക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭ്യമാണ്. ഡോക്ടര്‍ കണ്സള്ട്ടേഷന്, ലബോറട്ടറി പരിശോധനകള്‍, ഫാര്‍മസി സേവനങ്ങള്‍, വെല്‍നസ് സ്റ്റോര്‍ തുടങ്ങിയ ആരോഗ്യക്ഷേമ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും.
സഹായത്തിനായി സപ്പോര്‍ട്ട് ടിക്കറ്റ് നല്‍കാനും തിരിച്ചുവിളിക്കല്‍ ആവശ്യപ്പെടാനും കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ ലൈവ് ലൊക്കേഷന്‍ പങ്കുവെക്കുന്ന എസ്ഒഎസ് സംവിധാനവും ആംബുലന്‍സ് സഹായം അഭ്യര്‍ഥിക്കാനുള്ള സൗകര്യവുമുണ്ട്. നോര്‍ക്ക കെയറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ക്ലെയിം സഹായത്തിനുമായി ഇന്ത്യയില്‍നിന്ന് 24 മണിക്കൂറും ടോള്‍ ഫ്രീ നമ്പറുകളില്‍ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ബന്ധപ്പെടാം 1860 4191 401, 1860 4191 402. വിദേശത്തുള്ള അംഗങ്ങള്‍ക്ക് മൊബൈല്‍ ആപ്പിലെ ഇന്‍-ആപ്പ് കോള്‍ സൗകര്യവും പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ ലഭ്യമാണ്.



