ആഗോള സൈബർരംഗം ആശങ്കയിൽ; ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വെബ്സൈറ്റുകളെ അപകടത്തിലാക്കുന്ന ‘പിഎച്ച്‌പി’-യിലൽ ഗുരുതരമായ സുരക്ഷാ പിഴവുകളും

പാരിസ് : ആഗോള സൈബർരംഗത്തെ ആശങ്കയിലാഴ്‌ത്തി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വെബ്സൈറ്റുകളെ അപകടത്തിലാക്കുന്ന വൻ സുരക്ഷാ വീഴ്ചകൾ പുറത്തുവന്നു. വെബ്സൈറ്റുകള്‍ സജീകരിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷയായ ‘പിഎച്ച്‌പി’-യിലെ ഗുരുതരമായ സുരക്ഷാ പിഴവുകളും ഇന്ത്യൻ ഡിജിറ്റൽ സർട്ടിഫിക്കറ്റ് അതോറിറ്റിയായ ‘ഇ–മുദ്ര’യുടെ ക്രിപ്റ്റോഗ്രാഫിക് വീഴ്ചയുമാണ് വെളിപ്പെട്ടത്.
ലോകത്തിലെ വെബ്സൈറ്റുകളിൽ 70 ശതമാനവും ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ലാംഗ്വേജിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. ഹാക്കർമാർക്ക് ലോഗിൻ അനുമതിയില്ലാതെ വെബ്സെർവറുകളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കുന്നതാണ് പിഴവ്. 9.2 തീവ്രത രേഖപ്പെടുത്തിയ സുരക്ഷാവീഴ്ച കഴിഞ്ഞ പത്ത് വർഷമായി നിലവിലുണ്ടായിരുന്നു. ഓപ്പൺ എഐയുടെ പുതിയ മോഡലാണ് പിഴവ് കണ്ടെത്തിയത്.
ഇന്ത്യൻ കമ്പനിയായ ‘ഇ–മുദ്ര’ തങ്ങളുടെ ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റുകൾക്കായി ഉപയോഗിച്ച രഹസ്യ കീ അത്യന്തം ദുർബലമായിരുന്നു എന്നാണ് കണ്ടെത്തൽ. സങ്കീർണമായ കോഡുകളാൽ നിർമിക്കേണ്ട സുരക്ഷാ കീയ്ക്ക് പകരം സിംഗിൾ-ബൈറ്റ് നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്.
അമേരിക്കൻ സുരക്ഷാ ഏജൻസികളായ എൻഎസ്എ, എഫ്ബിഐ എന്നിവ അടിയന്തര ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. നെതർലൻഡ്‌സ്, ഫിൻലൻഡ് സർക്കാർ വെബ്സൈറ്റുകൾ ഓഫ്‌ലൈനാക്കി. സംഭവം പുറത്തറിഞ്ഞയുടൻ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, മൊസില്ല തുടങ്ങിയ കമ്പനികൾ തങ്ങളുടെ ബ്രൗസറുകളിൽ ഇ–മുദ്ര ബ്ലോക്ക് ചെയ്തു.



