അന്തർദേശീയം

ചാമ്പി ചുഴലിക്കാറ്റ് : തായ്‌വാനിൽ സ്കൂളുകളും ഓഫീസുകളും അടച്ചു

തായ്‌പേയ് : ചാമ്പി ചുഴലിക്കാറ്റിനെത്തുടർന്ന് തായ്‌വാനിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു വരുന്നുണ്ടെങ്കിലും കനത്ത കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ സ്കൂളുകളും ഓഫീസുകളും അടച്ചു. വെള്ളിയാഴ്ച പുറപ്പെടേണ്ട 262 ആഭ്യന്തര വിമാന സർവീസുകളും 669 അന്താരാഷ്ട്ര സർവീസുകളും റദ്ദാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു.

പസഫിക് സമുദ്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായി മാറിയ ചാമ്പി നിലവിൽ ദുർബലമായെങ്കിലും അപകടസാധ്യത ഒഴിഞ്ഞിട്ടില്ലെന്ന് കാലാവസ്ഥ അധികൃതർ പറഞ്ഞു. തായ്‌വാനിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് മണിക്കൂറിൽ 191 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുന്നുണ്ട്. ഏകദേശം 320 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വ്യാപ്തി.

തായ്‌വാന്റെ വടക്കൻ മലയോര മേഖലകളിലും, തലസ്ഥാനമായ തായ്‌പേയ് പ്രദേശത്തും ഉൾപ്പെടെ ഒരു മീറ്ററോളം മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗത്തിൽ അതിശക്തമായ കാറ്റിനും ആറു മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ രൂപപ്പെടാനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മെസേജിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഏകദേശം 1,300 പേരെ ഒഴിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടർന്നുള്ള അപകടത്തിൽ ഒരാൾ മരിക്കുകയും 94 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തായ്വാനിലെ സ്റ്റോക്ക് മാർക്കറ്റും ക്ലോസ് ചെയ്തിട്ടുണ്ട്. ചൈനീസ് തീരത്തിന് സമീപമുള്ള തായ്‌വാന്റെ നിയന്ത്രണത്തിലുള്ള കിൻമെൻ ദ്വീപുകളിൽ മാത്രമാണ് സാധാരണ നിലയിൽ സ്കൂളുകളും ഓഫീസുകളും തുറന്നിട്ടുള്ളത് തായ്പേയിൽ പൊതുഗതാഗത സംവിധാനങ്ങൾ നിയന്ത്രിത സർവീസുകളായാണ് പ്രവർത്തിക്കുന്നത്.

ചുഴലിക്കാറ്റിന്റെ വ്യാപ്തി കൂടുതലായതിനാൽ തായ്‌വാനിൽ രണ്ടുദിവസത്തോളം ഇതിന്റെ ആഘാതം നീണ്ടുനിൽക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. തായ്‌വാന്റെ വടക്കുകിഴക്കൻ തീരത്തു കൂടി കടന്നുപോകുന്ന ചാമ്പി ചുഴലിക്കാറ്റ് വരും ദിവസങ്ങളിൽ ചൈനീസ് തീരത്തേക്ക് നീങ്ങി തെക്കൻ ജപ്പാനിലേക്കു പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ വിവരം. ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിലുള്ള യോനാഗുനി ദ്വീപിനെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button