മാൾട്ടാ വാർത്തകൾ

ആളോഹരി കുടുംബ വരുമാനത്തിൽ 4.2% വർധന; സമ്പാദ്യ നിരക്ക് 19.2% : എൻഎസ്‌ഓ

2025ൽ കുടുംബങ്ങളുടെ ആളോഹരി മൊത്തം വിനിയോഗയോഗ്യ വരുമാനത്തിൽ (Gross Disposable Income) 4.2 ശതമാനം വർധന രേഖപ്പെടുത്തിയാതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (NSO). പണപ്പെരുപ്പത്തിന്റെ ആഘാതം കണക്കിലെടുത്തുള്ള യഥാർഥ ആളോഹരി വിനിയോഗയോഗ്യ വരുമാനത്തിൽ 4.5 ശതമാനം വർധനയുണ്ടായതായും ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (NSO) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, കുടുംബങ്ങളുടെ അന്തിമ ഉപഭോഗച്ചെലവ് നാമമാത്ര കണക്കിൽ 5.2 ശതമാനവും പണപ്പെരുപ്പം ക്രമീകരിച്ച യഥാർഥ കണക്കിൽ 5.5 ശതമാനവും വർധിച്ചു. ആളോഹരി യഥാർഥ ഉപഭോഗച്ചെലവിൽ 3.2 ശതമാനം വർധനയുണ്ടായി.
കുടുംബങ്ങളുടെ വരുമാനം, ചെലവ്, സമ്പാദ്യം
2025ൽ നിലവിലെ വിലനിലവാരത്തിൽ കുടുംബങ്ങളുടെ ആളോഹരി മൊത്തം വിനിയോഗയോഗ്യ വരുമാനം 4.2 ശതമാനം വർധിച്ചു. 2024ൽ ഇത് 11.6 ശതമാനമായിരുന്നു.

പണപ്പെരുപ്പത്തിന്റെ സ്വാധീനം ഒഴിവാക്കി കണക്കാക്കുന്ന യഥാർഥ ആളോഹരി മൊത്തം വിനിയോഗയോഗ്യ വരുമാനം 2025ൽ 4.5 ശതമാനം ഉയർന്നു. 2024ൽ ഈ വർധന 7.9 ശതമാനമായിരുന്നു.

സർക്കാരിൽനിന്നും കുടുംബങ്ങളെ സേവിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളിൽനിന്നും സൗജന്യമായി ലഭിക്കുന്ന വ്യക്തിഗത സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം ഉൾപ്പെടുത്തുന്ന ക്രമീകരിച്ച യഥാർഥ ആളോഹരി മൊത്തം വിനിയോഗയോഗ്യ വരുമാനത്തിൽ 2025ൽ 4.4 ശതമാനം വർധന രേഖപ്പെടുത്തി. 2024ൽ ഇത് 8 ശതമാനമായിരുന്നു.

2025ൽ കുടുംബങ്ങളുടെ അന്തിമ ഉപഭോഗച്ചെലവ് 10,695 ദശലക്ഷം യൂറോയായാണ് കണക്കാക്കിയത്. നാമമാത്ര കണക്കിൽ 5.2 ശതമാനവും യഥാർഥ കണക്കിൽ 5.5 ശതമാനവുമാണ് വർധന. 2024ൽ ഈ വർധന യഥാക്രമം 9.2 ശതമാനവും 5.6 ശതമാനവുമായിരുന്നു.

സാമ്പത്തിക ഇടനില സേവനങ്ങളുമായി ബന്ധപ്പെട്ട് പരോക്ഷമായി കണക്കാക്കുന്ന ചെലവുകളിലെ (FISIM) മാറ്റവും കുടുംബങ്ങളുടെ ഉപഭോഗച്ചെലവിന്റെ നാമമാത്ര വളർച്ച മന്ദഗതിയിലാകാൻ കാരണമായി.

2024നെ അപേക്ഷിച്ച് കുടുംബങ്ങൾക്ക് അനുവദിച്ച FISIMന്റെ മൂല്യം 231 ദശലക്ഷം യൂറോ കുറഞ്ഞു. ഇതോടെ കുടുംബങ്ങളുടെ അന്തിമ ഉപഭോഗച്ചെലവിന്റെ ആകെ മൂല്യത്തിലും വളർച്ചാനിരക്കിലും കുറവുണ്ടായി.

FISIM കുടുംബങ്ങളുടെ വരുമാനത്തിലും അന്തിമ ഉപഭോഗച്ചെലവിലും പ്രതിഫലിക്കുന്നതിനാൽ, ഈ മാറ്റങ്ങളുടെ പരസ്പര സ്വാധീനം കുടുംബങ്ങളുടെ സമ്പാദ്യത്തിൽ മൊത്തത്തിൽ നിഷ്പക്ഷമായ ഫലമാണ് ഉണ്ടാക്കിയത്.

ആളോഹരി അടിസ്ഥാനത്തിൽ കുടുംബങ്ങളുടെ അന്തിമ ഉപഭോഗച്ചെലവ് നാമമാത്ര കണക്കിൽ 2.9 ശതമാനവും യഥാർഥ കണക്കിൽ 3.2 ശതമാനവും വർധിച്ചു.
കുടുംബങ്ങളുടെ സമ്പാദ്യ നിരക്ക് 19.2%
2025ൽ മാൾട്ടയിലെ കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം 2,542 ദശലക്ഷം യൂറോയായി കണക്കാക്കി.

മൊത്തം വിനിയോഗയോഗ്യ വരുമാനത്തിന്റെ 19.2 ശതമാനമാണ് കുടുംബങ്ങളുടെ മൊത്തം സമ്പാദ്യ നിരക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് ഒരു ശതമാന പോയിന്റ് ഉയർന്നു.

കുടുംബങ്ങളുടെ മൊത്തം വിനിയോഗയോഗ്യ വരുമാനം 6.4 ശതമാനം വർധിച്ചപ്പോൾ അന്തിമ ഉപഭോഗച്ചെലവിലെ വർധന 5.2 ശതമാനമായി പരിമിതപ്പെട്ടതാണ് സമ്പാദ്യം ഉയരാൻ പ്രധാന കാരണം.

കുടുംബങ്ങളുടെ നിക്ഷേപം 2025ൽ 976 ദശലക്ഷം യൂറോയിലെത്തി. 2024ൽ ഇത് 918 ദശലക്ഷം യൂറോയായിരുന്നു.

മൊത്തം വിനിയോഗയോഗ്യ വരുമാനത്തിൽ കുടുംബ നിക്ഷേപത്തിന്റെ വിഹിതം 7.4 ശതമാനമായി തുടർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായെങ്കിലും നിരക്ക് പൊതുവേ സ്ഥിരത നിലനിർത്തി.

മൂലധന കൈമാറ്റങ്ങളിലെ വരവ്-ചെലവ് കണക്കിലെടുത്തശേഷം, 2025ൽ കുടുംബങ്ങൾ 2,143 ദശലക്ഷം യൂറോയുടെ അറ്റ വായ്പാദാന മിച്ചം (Net Lending) രേഖപ്പെടുത്തി. 2024ൽ ഇത് 1,771 ദശലക്ഷം യൂറോയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button