അന്തർദേശീയം

കരിങ്കടലിൽ ഡ്രോൺ ആക്രമണം; ചരക്കുകപ്പൽ തകർന്ന് ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേരെ കാണാതായി

കീവ് : കരിങ്കടലിൽ റഷ്യൻ ഡ്രോൺ ആക്രമണമെന്ന് സംശയം. ആക്രമണത്തിൽ ചരക്കുകപ്പൽ തകർന്ന് ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. റൊമാനിയൻ തീരത്തിന് സമീപം വെച്ചാണ് സംഭവം നടന്നത്. കൊമോറോസിന്റെ പതാകയേന്തി സഞ്ചരിച്ച ‘ഖോറിവ്’ എന്ന ചരക്കുകപ്പലാണ് ആക്രമണത്തിന് ഇരയായത്.

റൊമാനിയൻ തുറമുഖമായ കോൺസ്റ്റാന്റയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ അപായസന്ദേശം അയച്ചത്. കപ്പലിലുണ്ടായിരുന്ന 10 യുക്രൈനിയൻ പൗരന്മാരിലും 3 അസർബൈജാൻ പൗരന്മാരിലും 9 പേരെ ജീവനോടെ രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹം കണ്ടെത്തുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം സാധ്യമായില്ല.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി കരിങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം കടുക്കുകയാണ്. ഇതേത്തുടർന്ന് വിമാനങ്ങളും റഡാർ സംവിധാനങ്ങളും അധികമായി വിന്യസിക്കാൻ നാറ്റോ തീരുമാനിച്ചിട്ടുണ്ട്. റൊമാനിയൻ വ്യോമാതിർത്തിയിൽ കടന്നുകയറുന്ന ഡ്രോണുകളെ ചെറുക്കാൻ വ്യോമസേനയും രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button