സഹപ്രവർത്തകനുമായി പ്രണയം; യുഎസിൽ മുൻഭാര്യയെ ഇന്ത്യൻ വംശജൻ കുത്തിക്കൊലപ്പെടുത്തി

ഷിക്കാഗോ : യുഎസിൽ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ പിടിയിൽ. അങ്കുർ പട്ടേൽ എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായത്. അങ്കുറുമായി പിരിഞ്ഞതിനുശേഷം മുൻഭാര്യ അവരുടെ സഹപ്രവർത്തകനുമായി പ്രണയത്തിലായതിൽ കുപിതനായാണ് അങ്കുർ ക്രൂരകൃത്യം ചെയ്തത്. ഷിക്കാഗോയിൽ ഓഗസ്റ്റിലായിരുന്നു സംഭവം.
ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിച്ചിരുന്ന അങ്കുർ മേയിലാണ് ഭാര്യയുമായി പിരിയുന്നത്. അങ്കുറുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷം യുവതി തന്റെ സഹപ്രവർത്തകനുമായി പ്രണയത്തിലാകുകയും ലൂസിയാനയിലേക്ക് താമസം മാറ്റുകയും ചെയ്തു. മകളെ അങ്കുറിനൊപ്പം താമസിക്കാനും യുവതി അനുവദിച്ചിരുന്നു. മുൻഭാര്യ മറ്റൊരാളുമായി പ്രണയത്തിലായെന്ന് അറിഞ്ഞതോടെ ഇരുവരെയും കൊല്ലുമെന്ന് അങ്കുർ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. മകളോട് സംസാരിക്കാനോ കാണാനോ യുവതിയെ അനുവദിക്കാതിരുന്നത് പലതവണ തർക്കത്തിനുമിടയാക്കി. കൊലപാതകത്തിന് രണ്ടാഴ്ച മുൻപ് യുവതിയെ അറിയിക്കാതെ അങ്കുർ മകളെ ഇന്ത്യയിലേക്ക് അയച്ചു. തുടർന്ന് മകളെ കാണിക്കാമെന്നു പറഞ്ഞ് യുവതിയെ അങ്കുർ വിളിച്ചുവരുത്തുകയായിരുന്നു.
പങ്കാളിക്കൊപ്പം എത്തിയ യുവതി അങ്കുറിനൊപ്പം വീട്ടിലേക്ക് കയറിപ്പോയി. പങ്കാളി പുറത്തു കാത്തുനിന്നു. അവിടെവച്ച്, പങ്കാളിയെ ഉപേക്ഷിക്കണമെന്നും തന്നോടൊപ്പം ജീവിക്കണമെന്നും അങ്കുർ ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചു. ഇതോടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അങ്കുർ യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഏറെനേരമായിട്ടും യുവതിയെ കാണാതാകുകയും മെസേജുകൾക്കും കോളുകൾക്കും മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെ പങ്കാളിയാണ് പൊലീസിനെ വിവരമറിയിച്ചത്. എന്നാൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അങ്കുറിന്റെ അപ്പാർട്മെന്റ് തിരിച്ചറിയാൻ യുവതിയുടെ പങ്കാളിക്ക് സാധിച്ചില്ല. രാത്രി അങ്കുറിന്റെ ഏതാനും സുഹൃത്തുക്കൾ അയാളുടെ അപ്പാർട്മെന്റിലേക്ക് വന്നപ്പോഴാണ് യുവതിയെ വീട്ടിലെ വാഷിങ് മെഷീനു സമീപം മരിച്ച നിലയിൽ കണ്ടത്. അങ്കുർ രക്ഷപ്പെട്ടിരുന്നു.
കൊലപാതകത്തിനുശേഷം അങ്കുർ ഇന്ത്യയിലേക്ക് രക്ഷപ്പെടാനായി ഷിക്കാഗോ ഒഹാരേ രാജ്യാന്തര വിമാനത്താവളത്തിലെത്തിയെങ്കിലും കൗണ്ടർ അടച്ചിരുന്നതിനാൽ ടിക്കറ്റ് ലഭിച്ചില്ല. തുടർന്ന് ഇയാൾ അടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തശേഷം യുവതിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി ഉപേക്ഷിക്കാൻ ശ്രമിച്ചു. സമീപത്തുള്ള കടയിൽനിന്ന് പുതിയ വസ്ത്രങ്ങളും വാങ്ങിച്ചു. പിറ്റേന്ന് വിമാനത്താവളത്തിലെത്തി ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് വാങ്ങിയെങ്കിലും വിമാനത്തിൽ കയറുന്നതിനു മുൻപ് പൊലീസ് അറസ്റ്റ് ചെയ്തു. മുൻഭാര്യയെ കൊല്ലാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും എന്നാൽ പുതിയ പങ്കാളിക്കൊപ്പം തുടരുമെന്ന് പറഞ്ഞതോടെ ‘അവളെ തീർത്തു’ എന്നുമാണ് ചോദ്യം ചെയ്യലിൽ അങ്കുർ പൊലീസിനോടു പറഞ്ഞത്.



