അറസ്റ്റിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് തായ് ബോക്സിങ് ക്ലബ് ഉടമ

വാലെറ്റയിൽ അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസുകാർ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, മാൾട്ട പോലീസ് സേനാംഗങ്ങൾക്ക് വർഷാവസാനം വരെ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് തായ് ബോക്സിങ് ക്ലബ് ഉടമ.
ബുധനാഴ്ച ഉച്ചയ്ക്ക് സമീപത്തെ ബാറിൽ രണ്ട് പേർ തമ്മിലുണ്ടായ തർക്കം സെന്റ് മാർക്ക് സ്ട്രീറ്റിലേക്ക് വ്യാപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും നിസ്സാര പരിക്കേറ്റു.
ഭാഗികമായി കൈവിലങ്ങ് അണിയിച്ച അവസ്ഥയിലുള്ളയാൾ പോലീസ് ഇൻസ്പെക്ടറെ മർദ്ദിക്കാൻ ശ്രമിക്കുന്നതും, തുടർന്ന് മറ്റൊരു പോലീസുകാരന് നേരെ അടുക്കുമ്പോൾ ഉദ്യോഗസ്ഥൻ ലാത്തി ഉയർത്തുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ കാണാം. സംഭവം കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത വിമർശനമാണ് ഓൺലൈനിൽ ഉയർന്നത്. അക്രമകാരികളായ പ്രതികളെ നേരിടാൻ പോലീസിന് മതിയായ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് പലരും ചോദ്യം ചെയ്തു.
ഇതിനോട് പ്രതികരിച്ച മാൾട്ട തായ്‌ബോക്സിങ് ഉടമയും ഹെഡ് കോച്ചുമായ ഷാൻ മക്അലിസ്റ്റർ, പോലീസുകാർക്ക് കൂടുതൽ മെച്ചപ്പെട്ട പരിശീലനം ആവശ്യമാണെന്ന വാദത്തോട് താൻ യോജിക്കുന്നതായി വ്യക്തമാക്കി. എന്നാൽ ഇത്തരം സംഭവങ്ങളെ നേരിട്ട് അനുഭവിക്കാത്തവർ സോഷ്യൽ മീഡിയയിലൂടെ പോലീസിനെ കളിയാക്കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. വിമർശനങ്ങൾ ഉന്നയിക്കുന്നതിന് പകരം ഉദ്യോഗസ്ഥരെ സഹായിക്കാനായി തനിക്ക് കഴിയുന്ന പ്രായോഗികമായ പിന്തുണ നൽകാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ശാരീരിക അക്രമങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കഴിവുകൾ വളർത്തിയെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് തന്റെ ക്ലബ്ബിൽ വർഷാവസാനം വരെ സൗജന്യ പരിശീലനം നൽകുമെന്ന് അദ്ദേഹം അറിയിച്ചത്.
അക്രമ സംഭവങ്ങളെ നേരിടാൻ പോലീസുകാരെ പ്രാപ്തരാക്കുന്നതിനെക്കുറിച്ചും അറസ്റ്റുകൾക്കിടെ അവർ നേരിടുന്ന അപകടസാധ്യതകളെക്കുറിച്ചുമുള്ള ചർച്ചകൾ ഈ സംഭവത്തോടെ വീണ്ടും ശക്തമായിട്ടുണ്ട്. കൂടാതെ, ജോലിക്കിടെ പരിക്കേൽക്കുന്ന ഉദ്യോഗസ്ഥർക്കായി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും പോലീസ് യൂണിയൻ വീണ്ടും മുന്നോട്ടുവെച്ചു.



