പുതിയ അധ്യയന വർഷത്തിന് തുടക്കമായി; 54,000-ത്തിലധികം വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക്

പുതിയ അധ്യയന വർഷത്തിന് തുടക്കമായി. മാൾട്ടയിലും ഗോസോയിലുമായി 54,771 വിദ്യാർഥികളാണ് ബുധനാഴ്ച രാവിലെ പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി ക്ലാസുകളിലെത്തിയത്ത്.
ചർച്ച് സ്കൂളുകളിലെ ഏകദേശം 17,000 വിദ്യാർഥികൾ തിങ്കളാഴ്ച തന്നെ സ്കൂളുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, സർക്കാർ സ്കൂളുകളിലെ 37,771 വിദ്യാർഥികൾക്ക് വേനലവധി രണ്ടു ദിവസം കൂടി അധികമായി ലഭിച്ച ശേഷമാണ് ബുധനാഴ്ച ക്ലാസുകളിലേക്ക് തിരിച്ചെത്തിയത്.
കിന്റർഗാർട്ടൻ മുതൽ സെക്കൻഡറി തലം വരെയുള്ള സർക്കാർ സ്കൂളുകളിലെയും കിന്റർഗാർട്ടൻ, പ്രൈമറി, സെക്കൻഡറി, പോസ്റ്റ്-സെക്കൻഡറി തലങ്ങളിലുള്ള 55 ചർച്ച് സ്കൂളുകളിലെയും വിവരങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടത്.
സർക്കാർ സ്കൂളുകളിൽ ഈ വർഷം എത്തുന്ന 2,754 പുതിയ വിദ്യാർഥികളെ സ്വീകരിക്കാൻ 8,861 അധ്യാപകരും ജീവനക്കാരും സജ്ജരാണ്. ചർച്ച് സ്കൂളുകളിൽ പുതുതായി രജിസ്റ്റർ ചെയ്ത 1,950-ഓളം വിദ്യാർഥികൾ തിങ്കളാഴ്ച ക്ലാസുകളിലെത്തി. കൂടാതെ, ചർച്ച് സ്കൂളുകളിൽ പുതുതായി എത്തിയ 150 ഓളം പേരുൾപ്പെടെ 3,000-ത്തിലധികം അധ്യാപകരും തങ്ങളുടെ സേവനം ആരംഭിച്ചിട്ടുണ്ട്.
2026/27 അധ്യയന വർഷത്തിൽ സ്കൂളുകളിലെത്തുന്ന 54,000-ത്തിലധികം വിദ്യാർഥികളിൽ 36,457 പേർ സൗജന്യ സ്കൂൾ ഗതാഗത സൗകര്യമാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിൽ 15,370 പേർ സർക്കാർ സ്കൂളുകളിലെയും 21,087 പേർ ചർച്ച്, സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളാണ്.



