അന്തർദേശീയം

യുഎസ് സന്ദർശക വിസയ്ക്കുള്ള അഭിമുഖത്തിനായി ഇന്ത്യൻ അപേക്ഷകർ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ടുകൾ

വാഷിങ്ടൺ ഡിസി : യുഎസ് സന്ദർശക വിസയ്ക്കുള്ള അഭിമുഖത്തിനായി ഇന്ത്യൻ അപേക്ഷകർ ശരാശരി ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ടുകൾ. 2025 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് പുറത്തു വന്നത്. കോവിഡ് മഹാമാരിക്കു മുമ്പ് ശരാശരി കാത്തിരിപ്പ് 42 ദിവസമായിരുന്ന സ്ഥാനത്താമ് ഇപ്പോൾ 346 ദിവസമായി ഉയർന്നത്. യുഎസ് ഗവണ്മെന്‍റ് അക്കൗണ്ടബിലിറ്റി ഒഫീസ് തിങ്കളാഴ്ച പുറത്തു വിട്ട ഫെഡറൽ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിസയ്ക്കുള്ള ആവശ്യക്കാർ വളരെ കൂടുതലായതാണ് വൈകാൻ പ്രധാന കാരണമെന്ന് ഓഡിറ്റില്‍ കണ്ടെത്തി. എന്നാല്‍ 346 ദിവസം എന്നത് 2025 സാമ്പത്തിക വര്‍ഷത്തിലെ അഭിമുഖത്തിനായുള്ള ചരിത്രപരമായ ശരാശരിയാണ്. അഭിമുഖത്തിന് ശേഷം വിസ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ എടുക്കുന്ന സമയമോ നിലവില്‍ അപേക്ഷിക്കുന്ന ഒരാള്‍ നേരിടുന്ന കാത്തിരിപ്പോ ഈ കണക്ക് വ്യക്തമാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2025ൽ ഇന്ത്യയിൽ ഏകദേശം14,55,255 നോൺ ഇമിഗ്രന്‍റ് വിസ അപേക്ഷകൾ ലഭിച്ചതായാണ് കണക്കുകൾ. ഇത്തരം വിസകൾ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ 68 കോണ്‍സുലര്‍ ഉദ്യോഗസ്ഥരാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന് ഉണ്ടായിരുന്നത്. അതായത് ഒരു ഉദ്യോഗസ്ഥന് ശരാശരി 21,401 അപേക്ഷകൾ എന്ന നിലയായിരുന്നു. നിരവധി താൽക്കാലിക വിസ വിഭാഗങ്ങളിലെ അപേക്ഷകളാണ് ഈ കണക്കിൽ ഉൾപ്പെടുന്നത്. അതേ സമയം 346 ദിവസത്തെ കാത്തിരിപ്പ് പ്രധാനമായും സന്ദർശക വിസ അഭിമുഖവുമായി ബന്ധപ്പെട്ടതാണെന്നും ഓഡിറ്റ് വ്യക്തമാക്കുന്നു.

ചൈനയിൽ സന്ദർശക വിസ അഭിമുഖത്തിനുള്ള ശരാശരി കാത്തിരിപ്പ് 34 ദിവസവും ബ്രസീലിൽ അത് 32 ദിവസവുമായിരുന്നു. ഇന്ത്യയോട് സമാനമായ തോതിൽ ഓരോ ഉദ്യോഗസ്ഥനും അപേക്ഷകൾ കൈകാര്യം ചെയ്ത മെക്‌സിക്കോയില്‍ കാത്തിരിപ്പ് 283 ദിവസം . ഏറ്റവും കൂടുതല്‍ ശരാശരി കാത്തിരിപ്പ് രേഖപ്പെടുത്തിയ 10 രാജ്യങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. കോവിഡ് മഹാമാരിക്ക് ശേഷം ആവശ്യത്തിന് അനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിയാത്തതും ഉയര്‍ന്ന അപേക്ഷാ നിരക്കും കാലതാമസത്തിന് പ്രധാന കാരണങ്ങളാണെന്ന് വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ ഓഡിറ്റര്‍മാരോട് പറഞ്ഞു.

ജീവനക്കാരുടെ കുറവിന് പുറമെ ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയിലെ അഭിമുഖ സൗകര്യങ്ങളുടെ പരിമിതിയും പ്രശ്‌നമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് മതിയായ ഇന്‍റർവ്യൂ വിൻഡോകൾ ഇല്ലാത്തതും നൂറു കണക്കിന് അപേക്ഷകർ എംബസിക്കു പുറത്തും മറ്റു കാത്തിരിപ്പു കേന്ദ്രങ്ങളിലും കാത്തു നിൽക്കുന്നത് ഓഡിറ്റർമാർ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു.

അപേക്ഷാ നടപടികൾ വേഗത്തിലാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വിവിധ നടപടികൾ സ്വീകരിച്ചു വരികയാണ്. 2024 സാമ്പത്തിക വർഷത്തിൽ അഭിമുഖം ഒഴിവാക്കാന്‍ അര്‍ഹതയുണ്ടായിരുന്ന ന്യൂഡല്‍ഹിയിലെ സന്ദര്‍ശക വിസ അപേക്ഷകളില്‍ 80.6 ശതമാനവും വാഷിങ്ടണില്‍ നിന്നുള്ള പ്രത്യേക സംഘം വിദൂരമായി കൈകാര്യം ചെയ്തു. ന്യൂഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ അധിക ശനിയാഴ്ചകളിലും ജോലി ചെയ്ത് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button