അന്തർദേശീയം

പരിശീലനപ്പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തന്ത്രപ്രധാനമായ ബോംബർ വിമാനം തകർന്നു വീണു; 6 സൈനികർ കൊല്ലപ്പെട്ടു

മോസ്കോ : പരിശീലനപ്പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തന്ത്രപ്രധാനമായ ബോംബർ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 6 സൈനികർ കൊല്ലപ്പെട്ടു. റഷ്യയുടെ കിഴക്കൻ മേഖലയിലാണ് ഈ അപകടം സംഭവിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. പരിശീലന ദൗത്യത്തിന്റെ ഭാഗമായി പറന്നുയരുന്നതിനിടെ ടിയു 95 ബോംബർ വിമാനം എൻജിൻ തകരാർ മൂലം തകർന്നു വീഴുകയായിരുന്നുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത് . അപകടത്തിൽപ്പെട്ട വിമാനത്തിൽ ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഉണ്ടായിരുന്നില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അമൂർ മേഖലയിലാണ് വിമാനം തകർന്ന് വീണത്. ഒരാൾ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. പരിക്കേറ്റ സൈനികനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശീതയുദ്ധ കാലം മുതൽ റഷ്യൻ വ്യോമസേനയുടെ പ്രധാന ശക്തികേന്ദ്രമായി തുടരുന്ന ബോംബർ വിമാനമാണ് ടി യു 95.

യുക്രെയ്നിലെ റഷ്യൻ അധിനിവേശവും പോരാട്ടവും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വന്തം അതിർത്തിക്കുള്ളിൽ ഇത്തരമൊരു വ്യോമാപകടം സംഭവിച്ചിരിക്കുന്നത് റഷ്യയ്ക്ക് തിരിച്ചടിയാണ്. സംഭവം നടക്കാനിടയായ സാങ്കേതിക കാരണം കണ്ടെത്താനായി വിദഗ്ധരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ളതും നാല് ടർബോപ്രോപ്പ് എൻജിനുകളുമുള്ള തന്ത്രപ്രധാന ബോംബർ വിമാനമാണ് ടിയു 95. ശീതയുദ്ധ കാലം മുതൽ സേവനത്തിലുള്ള ഈ യുദ്ധവിമാനത്തെ യുക്രെയ്നെതിരെ സാധാരണ ക്രൂയിസ് മിസൈലുകൾ തൊടുക്കുന്നതിനായി റഷ്യൻ സൈന്യം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.2025 ജൂണിൽ യുക്രെയ്ൻ നടത്തിയ സ്പൈഡർവെബ് ഓപ്പറേഷനിൽ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ വ്യോമസേനയുടെ നിരവധി ടിയു 95 വിമാനങ്ങൾ തകർക്കുകയും തകരാറിലാക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button