മാൾട്ടയിലെ യുവ കുടിയേറ്റക്കാർ ഏകാന്തത, പാർപ്പിടം, ജോലി എന്നീ വെല്ലുവിളികൾ നേരിടുന്നെങ്കിലും രാജ്യത്തോട് ശക്തമായ ആത്മബന്ധം പുലർത്തുന്നു; പുതിയ പഠനം

മാൾട്ടയിലെ യുവ കുടിയേറ്റക്കാർ രാജ്യത്തോട് ശക്തമായ ആത്മബന്ധം പുലർത്തുന്നുണ്ടെങ്കിലും ഒറ്റപ്പെടൽ, ഭവനം, തൊഴിൽ, ഭരണപരമായ തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ അവർ ഇപ്പോഴും നേരിടുന്നതായി പുതിയ പഠനം. ‘ബിയോണ്ട് ദി നറേറ്റീവ്: മാപ്പിംഗ് യംഗ് മൈഗ്രന്റ് എക്സ്പീരിയൻസസ് ഇൻ മാൾട്ട’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മാധ്യമങ്ങളിലും പോപ്പുലർ സംസ്കാരത്തിലും കുടിയേറ്റക്കാരെ ചിത്രീകരിക്കുന്ന രീതിയെക്കുറിച്ചുള്ള ആശങ്കകൾക്കൊപ്പം, സാമൂഹികമായ ഒറ്റപ്പെടലും വലിയൊരു പ്രശ്നമായി ഉയർന്നുവന്നിരിക്കുന്നത്.
ഇറ്റാലിയൻ ഗെയിം സ്റ്റുഡിയോയായ ‘വി ആർ മ്യൂസ്ലി’യുമായി സഹകരിച്ച് ജി.എം.ഡി ട്രെയിനിംഗ് ആൻഡ് കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. യൂറോപ്യൻ യൂണിയൻ സഹകരിച്ച് നടപ്പിലാക്കുന്ന ഇറാസ്മസ്+ (Erasmus+) പ്രോജക്റ്റായ GAME-ന്റെ (Generating Awareness for Migrant Experiences) ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്.
2025 അവസാനത്തോടെ മാൾട്ടയിലെ 1,82,693 താമസക്കാർ, അതായത് രാജ്യത്തെ ആകെ താമസജനസംഖ്യയുടെ 31.1 ശതമാനം, വിദേശ പൗരത്വമുള്ളവരായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024ൽ ഇത് 29.4 ശതമാനമായിരുന്നു.
ജനസംഖ്യാ വർധനവിന്റെ പ്രധാന കാരണം ഇപ്പോഴും നെറ്റ് മൈഗ്രേഷൻ ആണെന്നും, അതിനാൽ മാൾട്ടയുടെ ജനസംഖ്യാപരമായ സാഹചര്യത്തിൽ കുടിയേറ്റത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചുവരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.
മാൾട്ടയിൽ താമസിക്കുന്ന 18നും 30നും ഇടയിൽ പ്രായമുള്ള കുടിയേറ്റക്കാർ, അഭയാർഥികൾ, അഭയം തേടുന്നവർ, പ്രവാസികൾ, രണ്ടാം തലമുറ യുവാക്കൾ എന്നിവരുടെ അനുഭവങ്ങളാണ് പഠനം കേന്ദ്രീകരിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, നിയമപരമായ സ്ഥിതി, സേവനങ്ങളിലേക്കുള്ള പ്രവേശനം, വ്യക്തിത്വം, രാജ്യത്തോടുള്ള അടുപ്പം, സാമൂഹിക ബന്ധങ്ങൾ, മാനസിക ക്ഷേമം തുടങ്ങിയ വിഷയങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയത്ത്.
സർവേയിൽ ആകെ 30 പേർ പ്രതികരിച്ചു. അതിനാൽ മാൾട്ടയിലെ മുഴുവൻ കുടിയേറ്റ ജനസംഖ്യയെയും പ്രതിനിധീകരിക്കുന്ന സ്ഥിതിവിവരക്കണക്കായി പഠനഫലങ്ങളെ കാണരുതെന്നും, പ്രാഥമികവും ദിശാസൂചകവുമായ കണ്ടെത്തലുകളാണ് ഇവയെന്നും റിപ്പോർട്ട് വ്യക്തമാക്കി.
മാൾട്ടയെ സ്വന്തം വീടായി കാണുന്ന കാര്യത്തിൽ ഭൂരിഭാഗം പ്രതികരിച്ചവരും അനുകൂലമായ നിലപാടാണ് രേഖപ്പെടുത്തിയത്. രാജ്യവുമായി തങ്ങൾക്ക് ശക്തമായ ബന്ധമുണ്ടെന്നും ഭൂരിഭാഗം പേരും പറഞ്ഞു. അതേസമയം, ഏകദേശം അത്രതന്നെ പേർ തങ്ങളുടെ ജന്മദേശവുമായി ശക്തമായ ബന്ധം ഇപ്പോഴും നിലനിർത്തുന്നതായും വ്യക്തമാക്കി. അതായത്, മാൾട്ടയോടുള്ള അടുപ്പവും ജന്മദേശത്തോടുള്ള ബന്ധവും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
എന്നാൽ താമസസൗകര്യവും തൊഴിലും കണ്ടെത്തുക, ഭരണപരമായ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുക, ഭാഷാ തടസ്സങ്ങൾ മറികടക്കുക തുടങ്ങിയ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളും പ്രതികരിച്ചവർ ചൂണ്ടിക്കാട്ടി.
ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും പ്രതികരണങ്ങളിൽ ആവർത്തിച്ച് ഉയർന്നുവന്നു. പലപ്പോഴും നേരിട്ട് ചോദിക്കാതിരുന്നിട്ടും ഈ വിഷയം പങ്കെടുത്തവർ സ്വമേധയാ ഉന്നയിച്ചു. മാൾട്ടയിൽ ഈ പ്രശ്നത്തെക്കുറിച്ച് വേണ്ടത്ര ചർച്ച നടക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളിലും സിനിമകളിലും ഗെയിമുകളിലും കുടിയേറ്റക്കാരെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്ന ചോദ്യത്തിനും ശ്രദ്ധേയമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഭൂരിഭാഗം പേരും ഇതേക്കുറിച്ച് പ്രത്യേകിച്ച് ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ, മറ്റുചിലർ കുടിയേറ്റക്കാരെ സ്റ്റീരിയോടൈപ്പ് രീതിയിൽ അല്ലെങ്കിൽ പരിമിതമായ രീതിയിലാണ് അവതരിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
ഈ പഠനഫലങ്ങളെ അടിസ്ഥാനമാക്കി 18നും 30നും ഇടയിൽ പ്രായമുള്ള കുടിയേറ്റ പശ്ചാത്തലമുള്ള യുവാക്കളെ ഉൾപ്പെടുത്തി ഒരു പങ്കാളിത്തപരമായ സൃഷ്ടിപരമായ പ്രക്രിയ ആരംഭിക്കാനാണ് GAME പദ്ധതിയുടെ തീരുമാനം. “In Their Shoes – Malta” എന്ന വീഡിയോ ഗെയിമിന്റെ കഥയും അവതരണവും രൂപപ്പെടുത്തുന്നതിൽ യുവാക്കൾക്ക് നേരിട്ട് പങ്കാളികളാകാൻ ഇതിലൂടെ അവസരം ലഭിക്കും.
തങ്ങളുടെ കഥകളും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിലൂടെ കുടിയേറ്റവും രാജ്യത്തോടുള്ള അടുപ്പവും ഗെയിമിൽ എങ്ങനെ അവതരിപ്പിക്കണമെന്നത് നിർണയിക്കാൻ യുവാക്കൾക്ക് സാധിക്കും.
മാൾട്ടയിലേക്ക് തൊഴിൽ തേടി എത്തുന്ന ഒരു ഇയു പൗരൻ, മൂന്നാം രാജ്യക്കാരൻ, അഭയം തേടുന്നയാൾ, അഭയാർഥി, താൽക്കാലിക സംരക്ഷണത്തിലുള്ള വ്യക്തി, അല്ലെങ്കിൽ വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങൾക്കിടയിൽ വളർന്ന ഒരാൾ — ഇവരുടെ അനുഭവങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടാകാമെന്നതിനാൽ ഇത്തരം വ്യത്യസ്ത കാഴ്ചപ്പാടുകൾ പ്രധാനമാണെന്ന് GAME വ്യക്തമാക്കി.
സിനിമകളിലും വാർത്തകളിലും ഗെയിമുകളിലും കുടിയേറ്റക്കാരെക്കുറിച്ച് തെറ്റായ പൊതുബോധമാണ് സൃഷ്ടിക്കുന്നതെന്നും അല്ലെങ്കിൽ അവരുടെ പൂർണ്ണമായ അവസ്ഥ ചിത്രീകരിക്കുന്നില്ലെന്നും സർവേ വ്യക്തമാക്കുന്നു.
ഈ പഠനത്തിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ‘ഇൻ ദെയർ ഷൂസ് – മാൾട്ട’ (In Their Shoes – Malta) എന്ന വീഡിയോ ഗെയിം നിർമ്മിക്കാൻ GAME പദ്ധതിയിടുന്നുണ്ട്. കുടിയേറ്റ പശ്ചാത്തലമുള്ള യുവാക്കളുടെ യഥാർത്ഥ കഥകളും അനുഭവങ്ങളും കോർത്തണക്കിയാണ് ഈ ഗെയിം രൂപകൽപ്പന ചെയ്യുന്നത്. നവംബർ 6 മുതൽ 8 വരെ മാൾട്ടയിൽ നടക്കുന്ന ‘ഗെയിം കോ-ക്രിയേഷൻ ലാബിൽ’ വെച്ചായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.



