മാൾട്ടാ വാർത്തകൾ

കാൽക്കരയിൽ പുതിയ ഫിലിം സ്റ്റുഡിയോ പദ്ധതിക്ക് കരാർ ക്ഷണിച്ച് മാൾട്ട ഫിലിം കമ്മീഷൻ

കാൽക്കരയിലുള്ള ഫിലിം സ്റ്റുഡിയോയിൽ 92,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക ഫിലിം സ്റ്റുഡിയോ സമുച്ചയം നിർമ്മിക്കുന്നതിനായി മാൾട്ട ഫിലിം കമ്മീഷൻ ടെൻഡർ ക്ഷണിച്ചു. 65 വർഷത്തെ ലീസ് (Concession) കാലയളവിലേക്ക് കണക്കാക്കിയിരിക്കുന്ന ഈ പദ്ധതിയുടെ മൂല്യം 744 ദശലക്ഷം യൂറോയാണ് (ഏകദേശം 6,600 കോടിയോളം രൂപ). ഡിസംബർ 7 ആണ് ടെൻഡർ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

പുതിയ സമുച്ചയം 92,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് പ്രധാന മേഖലകളായി വിഭജിച്ചിരിക്കും. ഡീപ് ടാങ്കും സൂപ്പർ സ്റ്റേജും ഉൾപ്പെടുന്ന സൗകര്യം, ഷാലോ ടാങ്ക് സൗകര്യം, ഹെഡ് ഓഫീസ്-പ്രൊഡക്ഷൻ സൗകര്യം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

വെള്ളത്തിന് മുകളിലും അടിയിലും ഒരേപോലെ ചിത്രീകരണം നടത്താൻ സഹായിക്കുന്ന ‘ലാൻഡ്-സീ സൂപ്പർ സ്റ്റേജ്’ ആണ് ഇതിന്റെ പ്രധാന ആകർഷണം. നിർമ്മാണ പ്രവർത്തനങ്ങൾ സോൺ 1-ൽ നിന്ന് ആരംഭിക്കണം. 2028 അവസാനത്തോടെ മൂന്ന് മേഖലകളുടെയും പ്രവർത്തനം പൂർണ്ണമായി തുടങ്ങണം.

പദ്ധതിയുടെ സാമ്പത്തിക സമാഹരണം, നിർമ്മാണം, പരിപാലനം എന്നിവ പൂർണ്ണമായും കരാറെടുക്കുന്ന സ്വകാര്യ പങ്കാളിയുടെ ഉത്തരവാദിത്തമായിരിക്കും. ഇതിനായി സർക്കാർ ധനസഹായമോ ഗ്യാരണ്ടിയോ നൽകില്ല. കരാർ നിലവിൽ വന്ന് 48 മാസത്തിനകം പദ്ധതി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കണം. 65 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ സ്റ്റുഡിയോ പൂർണ്ണ പ്രവർത്തനക്ഷമതയോടെ സർക്കാരിലേക്ക് തിരികെ നൽകുകയും വേണം.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് 20 ദശലക്ഷം യൂറോയുടെ ശരാശരി വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കാണ് ടെൻഡറിൽ പങ്കെടുക്കാൻ അർഹത. കുറഞ്ഞത് ഒരു ഫിലിം സ്റ്റുഡിയോയെങ്കിലും നടത്തി പരിചയമുള്ളവരും അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വൻകിട സിനിമാ നിർമ്മാണ കമ്പനികളുമായി കഴിഞ്ഞ 5 വർഷത്തിനിടെ സഹകരിച്ചിട്ടുള്ളവരുമായിരിക്കണം അപേക്ഷകർ.

സ്റ്റുഡിയോ വാടക, വർക്ക്‌ഷോപ്പ് ഫീസ് എന്നിവയിൽ നിന്നുള്ള വരുമാനം കരാറെടുക്കുന്ന കമ്പനിക്ക് ലഭിക്കും. പകരം സർക്കാരിലേക്ക് വാർഷിക കൺസെഷൻ ഫീസും, വർഷം തോറും 73,402 യൂറോ ലീസിംഗ് തുകയും (Ground Rent) നൽകണം. ലീസിംഗ് തുക ഓരോ 10 വർഷത്തിലും 10 ശതമാനം വീതം വർദ്ധിക്കും.

ഗ്ലേഡിയേറ്റർ 2 ഉൾപ്പെടെയുള്ള വൻകിട സിനിമകളുടെ ചിത്രീകരണത്തിലൂടെ മാൾട്ടയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ സിനിമാ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി മൂലം വൻകിട ഫ്രാഞ്ചൈസി സിനിമകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സിനിമകളെ ആകർഷിക്കാനുമാണ് ഈ പുതിയ പദ്ധതിയിലൂടെ മാൾട്ട ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 220-ലധികം സിനിമാ, ടെലിവിഷൻ നിർമ്മാണങ്ങൾ മാൾട്ടയിൽ ചിത്രീകരിച്ചിട്ടുണ്ട്. വ്യക്തിഗത പദ്ധതികളെ ആശ്രയിച്ചിരുന്ന സീസണൽ വ്യവസായത്തിൽ നിന്ന് വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഘടനാപരമായ സാമ്പത്തിക സംഭാവനയായി സിനിമാ വ്യവസായം മാറിയതായും മാൾട്ട ഫിലിം കമ്മീഷൻ വ്യക്തമാക്കി.

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ കാരണം വലിയ ഫ്രാഞ്ചൈസി സിനിമാ നിർമ്മാണങ്ങൾക്കായി മറ്റ് രാജ്യങ്ങളുമായി മത്സരിക്കാൻ മാൾട്ടയ്ക്ക് കഴിയുന്നില്ലെന്നും കമ്മീഷൻ അറിയിച്ചു.

പുതിയ സ്റ്റുഡിയോകൾ വഴി അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ, സ്വിറ്റ്സർലൻഡ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രധാന വിപണികളിൽ നിന്നുള്ള വൻ സിനിമാ നിർമ്മാണങ്ങളെ മാൾട്ടയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.

സർക്കാരിന്റെ ഇ-പ്രൊക്യൂർമെന്റ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി നിർദേശങ്ങൾ സമർപ്പിക്കണം. മുഴുവൻ കൺസഷൻ പദ്ധതിയെയും ഉൾക്കൊള്ളുന്ന ഒറ്റ നിർദേശമാണ് സമർപ്പിക്കേണ്ടത്; പദ്ധതിയുടെ ഭാഗിക ജോലികൾക്കായുള്ള ബിഡുകൾ സ്വീകരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button