യുകെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ; ലണ്ടൻ സർവീസുകൾ റദ്ദാക്കി കെ.എം മാൾട്ടാ എയർലൈൻസ്

യു.കെ.യിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ചൊവ്വാഴ്ച ലണ്ടൻ ഹീത്രൂ, ഗാറ്റ്‌വിക് വിമാനത്താവളങ്ങളിലേക്കും തിരികെ യുകെയിൽ നിന്നുമുള്ള വിമാന സർവീസുകൾ കെ.എം മാൾട്ടാ എയർലൈൻസ് റദ്ദാക്കി. നിലവിലെ ഉയർന്ന യാത്രാ തിരക്ക് കാരണം ഭൂരിഭാഗം വിമാനങ്ങളിലെയും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടതിനാൽ, ദുരിതത്തിലായ പല യാത്രക്കാർക്കും ഈ ആഴ്ചയ്ക്കുള്ളിൽ പകരം വിമാനങ്ങൾ ലഭ്യമാക്കാൻ സാധ്യയില്ല.
യാത്ര തിയതി മാറ്റാനോ ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കാനോ ആഗ്രഹിക്കുന്ന യാത്രക്കാർ 21356000 എന്ന നമ്പറിൽ കസ്റ്റമർ കെയർ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടണമെന്ന് കെ.എം മാൾട്ടാ എയർലൈൻസ് അറിയിച്ചു. യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് കെ.എം മാൾട്ടാ എയർലൈൻസിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് തുക പൂർണമായും റീഫണ്ട് നൽകുന്നതായിരിക്കും.
വിമാനങ്ങളുടെ വിവരങ്ങളും റൂട്ടുകളും കൈകാര്യം ചെയ്യുന്ന യുകെയുടെ ‘നാഷണൽ എയർ ട്രാഫിക് സർവീസസ്’ (NATS) സംവിധാനത്തിലെ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ തടസ്സം നിരവധി എയർലൈനുകളെ ബാധിക്കുകയും മാൾട്ടയ്ക്കും ലണ്ടൻ ഗാറ്റ്‌വിക്കിനും ഇടയിലുള്ള സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
ഇന്ന് (ബുധനാഴ്ച) മുതൽ വിമാന സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിക്കും. എങ്കിലും, വിമാനത്താവളങ്ങളുടെയും എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിന്റെയും പ്രവർത്തനം പൂർണ്ണമായി പൂർവ്വസ്ഥിതിയിലാകാൻ സമയമെടുക്കുന്നതിനാൽ ചില വിമാനങ്ങൾ വൈകിയേക്കാമെന്നും എയർലൈൻ വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഉപഭോക്താക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അറിയിച്ചു.



